ഇത് ധാര്‍മ്മികതയുടെ വിജയം

August 29, 2011 എഡിറ്റോറിയല്‍

റാലെഗാന്‍ സിദ്ധി എന്ന മഹാരാഷ്ട്രയിലെ കുഗ്രാമത്തില്‍ ജനിച്ച അന്നാ ഹസാരെ എന്ന മനുഷ്യന്‍ ഇന്ന് ലോകത്തിനു പുതിയ പാഠമായിരിക്കുകയാണ്. പതിമൂന്നുനാള്‍ നീണ്ട നിരാഹാരസമരത്തിലൂടെ അദ്ദേഹം ജനാധിപത്യഭാരതത്തില്‍ രചിച്ചത് സമാനതകളില്ലാത്ത പുതിയ ചരിത്രമാണ്. പരമോന്നത നിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്റ് അഴിമതി തടയുന്നതിന് പൗരസമിതി പ്രതിനിധികള്‍ മുന്നോട്ടുവച്ച മൂന്നുപ്രധാനവ്യവസ്ഥകള്‍ അതേപടി അംഗീകരിക്കാന്‍ തയാറായത് ജനശക്തിയുടെ വിജയമാണ് കാണിക്കുന്നത്.

ധര്‍മ്മാധിഷ്ഠിതമായ ഭാരതത്തിന്റെ മനസ്സാണ് അന്നാ ഹസാരെയുടെ സമരത്തോട് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിലുടനീളം നടന്ന ജനങ്ങളുടെ അഴിമതി വിരുദ്ധവികാരത്തിലൂടെ പ്രതിഫലിച്ചത്. അര്‍ബുദം പോലെ ജനാധിപത്യത്തെ കാര്‍ന്നുതിന്നുന്ന അഴിമതിയെ ജനങ്ങള്‍ ഇത്രമാത്രം വെറുക്കുന്നുവെന്ന് അന്നാ ഹസാരെയുടെ സമരത്തിനുലഭിച്ച പിന്തുണകണ്ടപ്പോഴാണ് രാഷ്ട്രീയക്കാര്‍ക്കുപോലും ബോധ്യപ്പെട്ടത്. അഴിമതിക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ കെല്‍പ്പില്ലാതെ, എല്ലാം മനസിലൊതുക്കി കഴിഞ്ഞിരുന്ന കോടാനുകോടി മനുഷ്യര്‍ ഒരുവസരം വന്നപ്പോള്‍ ഈ ഐതിഹാസികസമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത് ഭാരതത്തിന്റെ ഭാവി ഭാസുരമാണ് എന്നതിന്റെ പ്രകടമായ തെളിവാണ്.

ധര്‍മസമരം അന്തിമമായി വിജയിച്ചേ മതിയാവൂ. സനാതന ഭാരതത്തിന്റെ നീണ്ട ചരിത്രത്തില്‍ ഇതിന് ഒട്ടേറെ തെളിവുകളുണ്ട്. ഭാരതം ജീവിക്കുന്നത് ലോകത്തിനുവേണ്ടിയാണ്. ഭാരതത്തിന്റെ നാശം ലോകത്തിന്റെ നാശത്തിന് വഴിതെളിക്കുമെന്ന അരവിന്ദ ദര്‍ശനം ഈ സമരവുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ഭാരതത്തിന് അതിന്റെ പൂര്‍വ കല്‍പ്പിതങ്ങളായ എല്ലാ തത്വസംഹിതകളെയും ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ നിറവേറ്റാന്‍ ബാധ്യതയുണ്ട്. അതിനു ഇപ്പോള്‍ നിമിത്തമായതു അന്നാ ഹസാരെയാണ്.
ഒരു ഘട്ടത്തില്‍ ജീവിതമവസാനിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച അന്നാ ഹസാരെയെ സ്വാമി വിവേകാനന്ദന്റെ ദര്‍ശനമാണ് പിന്തിരിപ്പിച്ചത്. ആത്മഹത്യാമുനമ്പില്‍ നിന്നും മടങ്ങിവന്ന അദ്ദേഹം പുതിയൊരു മനുഷ്യനായി. ഈ ചരിത്രനിമിഷത്തില്‍ അന്നാ ഹസാരെയുടെ ജീവിതം പ്രത്യാശയുടെ പാഠവും നമുക്കുനല്‍കുന്നു. സ്വയം തല്ലിക്കെടുത്താന്‍ ശ്രമിച്ച ഒരു തിരിയില്‍ നിന്നും സൂര്യസമാനമായ ഊര്‍ജ്ജവും വെളിച്ചവുമാണ് അദ്ദേഹം ഇപ്പോള്‍ ഭാരതത്തിനായി പ്രവഹിപ്പിച്ചത്.

ഭാരതത്തെ സഹനസമരത്തിലൂടെ സ്വാതതന്ത്ര്യത്തിന്റെ പുലരിയിലേക്ക് നയിച്ച ഗാന്ധിജിയുടെ സമരമുറതന്നെയാണ് അന്നാഹസാരെയും തെരഞ്ഞെടുത്തത്. സഹനസമരം വിജയിക്കണമെങ്കില്‍ ആ സമരത്തെ ആത്മാവുകൊണ്ട് തൊട്ടറിഞ്ഞ ഒരു സംസ്‌കാരം ജനങ്ങളിലുണ്ടായിരിക്കണം. ധര്‍മ്മാധിഷ്ഠിതമായ ഒരു സമൂഹത്തിലേ ഇത്തരത്തില്‍ ഒരു സാംസ്‌കാരിക അവബോധമുണ്ടാകൂ. ഗാന്ധിജിക്ക് ജന്മം നല്‍കാന്‍ ഭാരത്തതിനുമാത്രമേ കഴിയുമായിരുന്നുള്ളൂ. അതുതന്നെയാണ് അന്നാ ഹസാരെയുടെയും പ്രസക്തി.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍