ശബരി റെയില്‍പാത: പാരിസ്ഥിതിക പഠനത്തിനായി ഹര്‍ജി

August 31, 2011 കേരളം

എരുമേലി: അങ്കമാലി – എരുമേലി – അഴുത ശബരി റെയില്‍പാതയ്ക്ക് തടസ്സമായി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. പാതയ്ക്കായി പാരിസ്ഥിതികാഘാത പഠനം നടന്നിട്ടില്ലാത്തതിനാല്‍ അനുമതി നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോട്ടയത്തെ കര്‍ഷക രക്ഷാസമിതിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പാത ഉപേക്ഷിക്കണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുന്ന പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ടും ഹര്‍ജിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി അടുത്ത ദിവസത്തേക്ക് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
പാരിസ്ഥിതികാഘാത പഠനം വേണമെന്ന ആവശ്യം റെയില്‍പാതയുടെ മുന്നോട്ടുള്ള നീക്കം തടസപ്പെടുത്തുമെന്നാണ് നിയമവൃത്തങ്ങളിലെ സംസാരം. അങ്കമാലി മുതല്‍ അഴുത വരെ നീണ്ട പാതയുടെ റൂട്ടില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ പഠനത്തില്‍ കണ്ടെത്തിയാല്‍ റൂട്ട് മാറ്റി നിശ്ചയിക്കേണ്ട സ്ഥിതി സംജാതമാകും. നിരവധി ജനകീയ എതിര്‍പ്പുകള്‍ മൂലം റൂട്ട് മാറ്റി പലതവണ നിശ്ചയിക്കേണ്ടി വന്ന പാതയ്ക്കായി ഇനിയും റൂട്ട് മാറ്റേണ്ടി വരുന്നത് തടസങ്ങള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത.

തര്‍ക്കങ്ങള്‍ മൂലം കഴിഞ്ഞയിടെയാണ് കോട്ടയം ജില്ലയില്‍ റൂട്ട് അന്തിമമായി നിശ്ചയിച്ചത്. പൊന്‍കുന്നം,പാലാ ടൗണുകള്‍ ഒഴിവാക്കി എരുമേലി ടൗണിന് രണ്ടര കിലോമീറ്റര്‍ അകലെ എത്തുന്ന വിധമാണ് പുതിയ റൂട്ട് നിശ്ചയിച്ചത്. ഈ റൂട്ടില്‍ 30 വീടുകള്‍ മാത്രമാണ് പൊളിക്കപ്പെടേണ്ടി വരുന്നതെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കളക്ടറുടെ നിര്‍ദേശപ്രകാരം ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പുതിയ റൂട്ട് സംബന്ധിച്ച് സാധ്യതാപഠനം ആരംഭിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പുമൂലം നിര്‍ത്തേണ്ടി വന്നു.

വനംവകുപ്പ് നടത്തിയ പഠനപ്രകാരം പാത ദോഷകരമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. പാത സംബന്ധിച്ച് ഇതുവരെ പാരിസ്ഥിതിക പഠനം നടന്നിട്ടില്ലാത്തതിനാല്‍ വനംവകുപ്പിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് പഠനം നടത്തണമെന്ന ആവശ്യം കോടതിയില്‍ പരിഗണിക്കപ്പെടാനാണ് സാധ്യത. റെയില്‍പാത നിര്‍മാണത്തിനാവശ്യമായിവരുന്ന ചെലവിന്റെ പകുതി ഫണ്ട് കേരളം വഹിക്കണമെന്ന് കഴിഞ്ഞയിടെ റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം