വിവാഹ ധൂര്‍ത്തിനെതിരേ പ്രതിജ്ഞയെടുത്തു

August 31, 2011 കേരളം

കോട്ടയം: സംസ്ഥാനതലത്തില്‍ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ടുമെന്റ് പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് സ്പാര്‍ക് 2011, വിവാഹ ധൂര്‍ത്തിനെതിരേ പ്രതിജ്ഞയെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പരിശീലനത്തില്‍ മുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. വിവാഹധൂര്‍ത്തിനെതിരേ എന്‍എസ്എസിന്റെ ആഹ്വാനമനുസരിച്ചാണു പ്രതിജ്ഞയെടുത്തത്.

സാമൂഹികനീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ വളര്‍ച്ചയും പുരോഗതിയുമാണ് എന്‍എസ്എസ് ലക്ഷ്യമിടുന്നതെന്നു പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി എല്ലാ കാലത്തും ശരിയായ നിലപാടുകള്‍ എന്‍എസ്എസ് കൈക്കൊണ്ടു.

മുന്നോക്ക വികസന കോര്‍പറേഷന്‍ രൂപീകരിക്കണമെന്ന ആവശ്യം നായര്‍ സമുദായത്തിനുവേണ്ടി മാത്രമല്ല മറിച്ച്, കേരളത്തിലെ മുന്നോക്കവിഭാഗത്തിലെ ഓരോ പിന്നാക്കക്കാരനെയും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നു തിരിച്ചറിയണമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സമുദായാചാര്യന്റെ ആഹ്വാനങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റം കേരളസമൂഹത്തിനും നായര്‍ സമുദായത്തിനും ഉണ്ടാകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള അധ്യക്ഷത വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം