അത്തച്ചമയ ഘോഷയാത്രയ്ക്കു വര്‍ണ്ണാഭമായ തുടക്കം

August 31, 2011 കേരളം

കൊച്ചി: ഓണക്കാലത്ത് പേരുകേട്ട തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്കു തുടക്കമായി. ഓണത്തിനു മുന്നോടിയായി അത്തച്ചമയ ഘോഷയാത്ര രാവിലെ 10.30 ഓടെ ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്നാരംഭിച്ചു. പത്തിനു ഭക്ഷ്യ മന്ത്രി ടി.എം ജേക്കബ് അത്തം പതാകയുയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അത്തച്ചമയാഘോഷ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. മന്ത്രി കെ.ബാബുവായിരുന്നുഅധ്യക്ഷന്‍.
മങ്കുതമ്പുരാന്‍ നഗറായ ലായം ഗ്രൗണ്ടില്‍ എല്ലാ ദിവസവും വൈകിട്ട് കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. അത്തം നഗറായ ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കാര്‍ഷിക മേളയും കച്ചവടമേളയും അമ്യൂസ്‌മെന്റ് പാര്‍ക്കും ഒരുക്കിയിട്ടുണ്ട്.

വര്‍ണാഭമായ അത്തംഘോഷയാത്ര കാണാന്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. നെറ്റിപട്ടം കെട്ടിയ ഗജവീരന്മാര്‍ ,മുത്തുക്കുടകള്‍ ,പരമ്പരാഗത നാടന്‍ കലാരൂപങ്ങള്‍ ,പഞ്ചവാദ്യം ,പുലികളി തുടങ്ങിയവയെല്ലാം ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടുന്നു. ഘോഷയാത്രയെ തുടര്‍ന്ന് അത്തപ്പൂക്കള മത്സരം നടക്കും. നഗരസഭയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴുവരെയാണ് ഓണാഘോഷം നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം