പത്തുവര്‍ഷത്തിലേറെയായി സമരം നടത്തുന്ന ഇറോം ഛാനു ശര്‍മിളയ്ക്ക് പിന്തുണ നല്‍കാന്‍ അന്നാ ഹസാരെയുടെ ആഹ്വാനം

August 31, 2011 ദേശീയം

ഇംഫാല്‍: സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്തുവര്‍ഷത്തിലേറെയായി സമരം നടത്തുന്ന ഇറോം ഛാനു ശര്‍മിളയ്ക്ക് പിന്തുണ നല്‍കാന്‍ അന്നാ ഹസാരെ ആഹ്വാനം ചെയ്തു. ആശുപത്രി വിട്ടാലുടന്‍ അദ്ദേഹം ഇറോം ശര്‍മിളയെ സന്ദര്‍ശിക്കും. ശര്‍മിള നിരാഹാര സമരം തുടങ്ങുന്നതു 2000 നവംബര്‍ രണ്ടിനാണ്. പ്രത്യേക അധികാര നിയമത്തിന്റെ ശക്തിയെ ചൂഷണംചെയ്തുകൊണ്ട് മണിപ്പൂരില്‍ അസം റൈഫിള്‍സ് നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നായിരുന്നു സമരം. ഒരു സ്ത്രീ ഉള്‍പ്പെടെ 10 പേരാണു കൊല്ലപ്പെട്ടത്. സമരം തുടങ്ങിയശേഷം ഇതേവരെ ശര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല.

ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് അറസ്റ്റിലായ ശര്‍മിളയെ ആശുപത്രി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരുന്നിനൊപ്പം ഡ്രിപ്പായി നല്‍കുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. പതിനഞ്ചു ദിനം കൂടുമ്പോള്‍ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ റിമാന്‍ഡ്  നീട്ടുകയാണ് പതിവ്.

ജനപിന്തുണയാണ് അന്നാ ഹസാരെയ്ക്ക് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞത്.എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ദൈവം വഴി തുറന്നുതരും- മണിപ്പൂരിന്റെ ഉരുക്കുവനിതയായി പ്രകീര്‍ത്തിക്കപ്പെടുന്ന ശര്‍മിള മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം