ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു വരുന്നവരുടെ എണ്ണം ഉയര്‍ത്തണം: രാഷ്ട്രപതി

September 1, 2011 കേരളം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കടന്നുവരുന്നവരുടെ എണ്ണം ഉയര്‍ത്തണമെന്ന് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍. നെടുമങ്ങാട് വിതുരയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ദക്ഷിണ മേഖലാ കാമ്പസ് ശിലാസ്ഥാപനം കനകക്കുന്നു കൊട്ടാരത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.

സാമൂഹ്യ, സാമ്പത്തിക വികസനത്തിന്റെ പ്രേരകശക്തിയാണ് വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിലേക്കു പ്രവേശിക്കുന്നവരുടെ എണ്ണം കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമായിക്കഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം നേടിയവര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിലേക്കെത്തും. പരമമായ ലക്ഷ്യം ഉന്നത വിദ്യാഭ്യാസത്തിലേക്കു യുവാക്കളെ എത്തിക്കുകയാണ്.

രാജ്യത്തെ തൊഴിലെടുക്കുന്നവരാണ് ഇഗ്‌നോ കോഴ്‌സുകളെ വലിയ തോതില്‍ പ്രയോജനപ്പെടുത്തുന്നത്. നവീനമായ നിരവധി ആശയങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ തൊഴിലാളികള്‍ക്കു ലഭിക്കുന്നു. ഇതിനൊപ്പംതന്നെ മറ്റു വിദ്യാഭ്യാസ സൗകര്യങ്ങളും കഴിവുകളുടെ വികസനവും നടപ്പാക്കണം. അറിവുകളിലൂടെ ഉപജീവനം ലഭിക്കുകയാണ് പ്രധാനപ്പെട്ടത്. വിദൂരവിദ്യാഭ്യാസവും സാങ്കേതികവിദ്യയും വളരെ അടുത്തുനില്‍ക്കുന്നു. ആശയവിനിമയ സാങ്കേതികവിദ്യ വികസിച്ചതോടുകൂടി ഇതിന്റെ സാധ്യത വളരെ വര്‍ധിച്ചിരിക്കുന്നു.

ഇഗ്നോയുടെ മാതൃക അനുകരിച്ച് വിവിധ സര്‍വകലാശാലകള്‍ തങ്ങളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി വ്യാപകമാക്കി. ഇതു കൂടുതല്‍ പേര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്്. കര്‍ഷകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമിടയില്‍ പുതിയ അറിവുകള്‍ ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇടയാക്കുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ധാരണകളും ഇവര്‍ക്ക് ലഭിക്കുന്നു.

വിദ്യാഭ്യാസം നല്ല സ്വഭാവ ശുദ്ധിയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനൊപ്പംതന്നെ ഉയര്‍ന്ന പൗരബോധം വളര്‍ത്താന്‍ സഹായിക്കുന്നു. നമ്മുടെ വിദ്യാഭ്യാസരംഗം രാജ്യത്തെ യുവജനങ്ങളുടെ പുരോഗതിയാണു ലക്ഷ്യംവയ്‌ക്കേണ്ടത്. അറിവിനൊപ്പം ബുദ്ധിപരമായി ഉയര്‍ന്നവരും സാങ്കേതികമായി കഴിവുള്ളവരുമായി യുവാക്കളെ മാറ്റേണ്ടതുണ്ട്. മൂല്യങ്ങളില്ലാത്ത അറിവ് അപൂര്‍ണമാണ്. അതു സുഗന്ധമില്ലാത്ത പുഷ്പം പോലെയാണ്. സഹജീവികളോടുള്ള സ്‌നേഹവും ഈമൂല്യബോധത്തില്‍ നിന്നു വേറിട്ടുകാണാനാകില്ല. മൂല്യബോധം യുവജനങ്ങളെ ഉത്തരവാദിത്വബോധമുള്ളവരാക്കിമാറ്റുന്നു.
ജീവിതത്തെ നയിക്കാനും നല്ല തീരുമാനങ്ങളെടുക്കാനും മൂല്യബോധം സഹായിക്കും. ശാസ്ത്ര സാങ്കേതിക പുരോഗതി ആര്‍ജിക്കുമ്പോള്‍ യുവാക്കള്‍ മൂല്യബോധം കൈവിടാതിരിക്കാന്‍ ശ്രമിക്കണമെന്നും രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്‌ബോധിപ്പിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, എ.സമ്പത്ത്് എംപി എന്നിവര്‍ പ്രസംഗിച്ചു. ഇഗ്നോ വൈസ് ചാന്‍സലര്‍ വി.എന്‍. രാജശേഖരന്‍നായര്‍ സ്വാഗതം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം