പദ്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

September 2, 2011 കേരളം

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തിയതിന് രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കോടതിയിലാണോ ദേവപ്രശ്‌നം നടത്തുന്നവര്‍ക്കു മുന്നിലാണോ കേസ് നടക്കുന്നതെന്നും വിദഗ്ധ സമിതിയെ രാജകുടുംബത്തിന് വിശ്വാസമില്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. ദേവപ്രശ്‌നം ഒന്നിനും പരിഹാരമല്ല. രാജകുടുംബം അടിക്കടി നിലപാട് മാറ്റുന്നതുകൊണ്ടാണ് പലരും രാജകുടുംബത്തെ വിമര്‍ശിക്കുന്നതെന്നും കോടതി പറഞ്ഞു. ക്ഷേത്രാചാരങ്ങളില്‍ ഇടപെടാന്‍ കോടതിയ്ക്ക് താല്പര്യമില്ല. എന്നാല്‍ ക്ഷേത്രസുരക്ഷ പ്രധാനപ്പെട്ടതാണ്. ക്ഷേത്രത്തിനു വേണ്ടത്ര സുരക്ഷയില്ലെന്നും, സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രാജകുടുംബാംഗങ്ങള്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തുന്നതായി രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചു. വി.എസ്. കോടതിയലക്ഷ്യ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്നും രാജകുടുംബത്തിന്റെ അഭിഭാഷകന്‍ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. കേസ് പരിഗണിക്കുന്നത് സപ്തംബര്‍ 12ലേയ്ക്ക് മാറ്റി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം