തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്‌

September 3, 2011 കേരളം

തിരുവനന്തപുരം: ഡോക്ടര്‍മാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പി.ജി വിഭാഗം ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗവം ഉള്‍പ്പടെയുള്ളവ ബഹിഷ്‌കരിച്ചാണ് പണിമുടക്ക്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. രോഗിയുടെ ബന്ധുക്കളാണ് ഡോക്ടര്‍മാരെ മര്‍ദ്ദിച്ചത്. ഡോക്ടര്‍മാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് പി.ജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍ അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മീരാ സാഹിബ് എന്ന രോഗിയുടെ ബന്ധുക്കള്‍ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ.ബലവാന്‍, ഡോ.കൃപേഷ് എന്നിവരെ മര്‍ദിച്ചു എന്നാണ് ആരോപണം. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പരിക്കേറ്റ ഡോക്ടര്‍മാരില്‍ ഒരാള്‍ ചികിത്സയിലാണ്. ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം അത്യാഹിത വിഭാഗത്തില്‍ സ്ഥലം ഒഴിവില്ലാതിരുന്നതിനാല്‍ രോഗിയെ വാര്‍ഡില്‍ കിടത്തി ചികിത്സ നല്‍കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ഈ സമയത്ത് രോഗിയുടെ നില കൂടുതല്‍ ഗുരുതരമാകുകയും ഇയാളെ കൂടുതല്‍ ചികിത്സാ സൗകര്യത്തിനായി ജനറല്‍ ആസ്പത്രിയിലേക്കോ ശ്രീചിത്രയിലേക്കോ മാറ്റണമെന്ന് ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് രോഗിയുടെ നില വഷളാവുകയും തുടര്‍ന്ന് ഇയാളെ ഐ.സി.യുവിലെ പ്രത്യേക മുറിയിലേയ്ക്ക് മാറ്റി ചികിത്സ നല്‍കുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ക്കെതിരെ തട്ടിക്കയറുകയും അവരെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പണിമുടക്കിലുള്ള ഡോക്ടര്‍മാര്‍ പറയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം