പ്രകൃതിവാതകം പൈപ്പ്‌ലൈന്‍വഴി എത്തിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായി

September 3, 2011 കേരളം

തിരുവനന്തപുരം: പ്രകൃതിവാതകം പൈപ്പ്‌ലൈന്‍വഴി ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായി. ആയിരംകോടി രൂപയുടെ ഈ പദ്ധതി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഗ്യാസ് ലിമിറ്റഡും സംയുക്തമായാണ് നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച കരാര്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ഐ.ഡി.സി. എം.ഡി. അല്‍കേഷ് ശര്‍മ്മയും ഗെയില്‍ ഗ്യാസ് ലിമിറ്റഡ് സി.ഇ.ഒ. എം.രവീന്ദ്രനും ഒപ്പുവെച്ചു.

ഇതിനായി രൂപവത്കരിക്കുന്ന കമ്പനിയില്‍ 24 ശതമാനം ഓഹരി കെ.എസ്.ഐ.ഡി.സി.ക്കും 26 ശതമാനം ഗെയിലിനും ബാക്കി നിക്ഷേപകര്‍ക്കുമായിരിക്കും. കൊച്ചിയിലെ പെട്രോനെറ്റ് എല്‍.എന്‍.ജി.ടെര്‍മിനലില്‍നിന്നാണ് പ്രകൃതിവാതകം വിതരണം ചെയ്യുക. 1100 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കൊച്ചിബാംഗ്ലൂര്‍മാംഗ്ലൂര്‍ പൈപ്പ്‌ലൈന്‍, 100 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കൊച്ചി കായംകുളം പൈപ്പ് ലൈന്‍ എന്നിവ സ്ഥാപിക്കും. നഗര പ്രകൃതി വാതക വിതരണ പദ്ധതി, വിവിധ പ്രദേശങ്ങളില്‍ ഉപഭോക്താക്കളിലേക്കുള്ള ലൈനുകള്‍, സി.എന്‍.ജി. സ്‌റ്റേഷനുകള്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍, ഗ്യാസ് എക്യുപ്പ്‌മെന്റ് റീട്ടെയിലിങ്, ഡിസ്ട്രിബ്യൂട്ടഡ് പവര്‍ ജനറേഷന്‍, കേബിള്‍ സൗകര്യം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കമ്പനിയുടെ ചുമതലയിലായിരിക്കും നടത്തുക.

കേരളത്തില്‍ സി.എന്‍.ജി. ബസ്സുകള്‍ പുറത്തിറക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി.യുമായി ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്. അനുബന്ധ പ്രകൃതിവാതക ശൃംഖലയ്ക്ക് 1000 കോടി രൂപ ചെലവുവരുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍, ഗെയില്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബി.സി. ത്രിപാഠി, ഗെയില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) പ്രഭാത്‌സിങ്, ഗെയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) ജെ.വാസന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് ശര്‍മ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി. ടി.പി.തോമസ്‌കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം