ഫെഡറല്‍ ബാങ്ക് 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

September 4, 2011 കേരളം

കൊച്ചി: പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകള്‍ക്ക് 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ബാങ്കിന്റെ 80-ാം വാര്‍ഷിക പൊതുയോഗത്തിലാണ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ഇതു പ്രഖ്യാപിച്ചത്.
ബാങ്കിന്റെ സാന്നിധ്യം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് 200 ശാഖകള്‍കൂടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷം ക്ലസ്റ്റര്‍ സംവിധാനത്തില്‍ 200 ശാഖകള്‍ കൂടി ആരംഭിക്കുന്നതോടെ ബാങ്കിന്റെ ശാഖകളുടെ എണ്ണം ആയിരമായി ഉയരും.

ബാങ്കിന്റെ ഇടപാടുകാര്‍ക്ക് സ്ഥാപകനായ കെ.പി ഹോര്‍മിസ് നല്‍കിയിരുന്ന പ്രധാന്യവും മൂല്യബോധവും അടിസ്ഥാനമാക്കിയായിരിക്കും ബാങ്കിന്റെ മുന്നോട്ടുള്ള പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ പി.സി. സിറിയക് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ സുരേഷ്‌കുമാര്‍, ഏബ്രഹാം കോശി, ടി.സി. നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പി.സി. ജോണ്‍, ഏബ്രഹാം ചാക്കോ എന്നിവര്‍ സന്നിഹിതരായിരുന്നു.

സുരേഷ്‌കുമാറിനെ വീണ്ടും ഡയറക്ടറായി തെരഞ്ഞെടുത്തു. ബാങ്ക് ഡയറക്ടറായിരുന്ന പി.എച്ച്. രവികുമാര്‍ വിരമിച്ച ഒഴവിലേക്കു നിലേഷ് എസ്. വികാംസേയെ തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.സി. ജോണ്‍ നന്ദി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം