ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതില്‍ ഇന്ത്യ ആത്മാര്‍ഥശ്രമം നടത്തിയില്ലെന്ന് വിക്കിലീക്‌സ്

September 4, 2011 ദേശീയം

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളും ലഷ്‌കറെ തോയിബ കമാന്‍ഡറുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതില്‍ ഇന്ത്യ ആത്മാര്‍ഥശ്രമം നടത്തിയിരുന്നില്ലെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്ത്യ ഇക്കാര്യം കൂടെക്കൂടെ ആവശ്യപ്പെടുന്നത്. ഇത് ഗൗരവമായി എടുക്കേണ്ടതില്ലെന്നുമാണ് എംകെ.നാരായണന്‍ ഇതിനോടു പ്രതികരിച്ചത്. തൊട്ടടുത്ത ദിവസം യുഎസ് എംബസി ഇക്കാര്യം അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതായും വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ തികച്ചും അസംബന്ധമാണെന്ന് എം.കെ.നാരായണന്‍ പ്രതികരിച്ചു.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ 2009 ഡിസംബര്‍ 16ന് അന്നത്തെ യുഎസ് അംബാസഡര്‍ തിമോത്തി റോമറുമായി നടത്തിയ ഫോണ്‍ സംഭാഷണം സംബന്ധിച്ച രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനു വേണ്ടി മാത്രമാണെന്ന് എം.കെ.നാരായണന്‍ റോമറോടു പറഞ്ഞതായി രേഖ വ്യക്തമാക്കുന്നു.

ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയാല്‍ അയാളില്‍ നിന്ന് വിവരങ്ങള്‍ശേഖരിക്കാന്‍ ബുദ്ധിമുട്ടാകുമെന്നായിരുന്നു റോമറുടെ വാദം. മാത്രമല്ല, യുഎസ് നിയമനടപടികള്‍ പ്രകാരം ഹെഡ്‌ലിയെ വിട്ടുനല്‍കുന്നത് അപ്രായോഗികമായിരിക്കുമെന്നും യുഎസ് അംബാസഡര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം