ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

September 5, 2011 കേരളം

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഐസ്‌ക്രീം പാര്‍ലര്‍ കേസ്   സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ നീതി ലഭിച്ചില്ലെന്ന് വിഎസിന്റെ അഭിഭാഷകന്‍ വാദിച്ചു. ഏഴുമാസമായി നടക്കുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കേസുമായി ബന്ധപ്പെട്ട് 80 സാക്ഷികളെ ഇതുവരെ ചോദ്യംചെയ്തതായി അഡ്വക്കറ്റ് ജനറല്‍ ബോധിപ്പിച്ചു.  ഇതില്‍ 42 സാക്ഷികളെ ചോദ്യംചെയ്തത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പതോളം രേഖകള്‍ പിടിച്ചെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ സന്നിഹിതരായിരുന്നു.

ആരോപണവിധേയനായ പി.കെ.കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ മന്ത്രിയായതിനാല്‍   കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസിന് കഴിയില്ലെന്നും അതിനാല്‍ കേസ് സിബിഐയ്ക്കു കൈമാറണമെന്നുമാണ് വിഎസിന്റെ ഹര്‍ജിയിലെ ആവശ്യം. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട്  മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു   റഊഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഈ മാസം 22 ലേക്ക് മാറ്റി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം