ടൈറ്റാനിയം അഴിമതി കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി

September 6, 2011 കേരളം

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. കേസില്‍ ഇപ്പോള്‍ തന്നെ രണ്ട് അന്വേഷണം നടക്കുന്നുണ്ട്. പുതിയ തെളിവുകളുണ്ടെങ്കില്‍ ഇപ്പോഴത്തെ അന്വേഷണസംഘത്തിനാകെ സമര്‍പ്പിക്കാവുന്നതാണ്. അന്വേഷണം ശരിയായ രീതിയിലല്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കി. കേസില്‍ അന്വേഷണം വൈകുന്നതിന് കോടതി വിജിലന്‍സിനെ വിമര്‍ശിച്ചു. മന്ദഗതിലാണ് അന്വേഷണം നടക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരെയും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നിലവില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍, ഹര്‍ജിക്കാരന്റെ പുതിയ പരാതികള്‍ കൂടി പരിഗണിക്കാന്‍ ഉത്തരവ് നല്‍കിയാല്‍ മതിയാകുമോയെന്ന് വാദത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ച തിരുവന്തപുരം വിജിലന്‍സ് കോടതി ആരാഞ്ഞിരുന്നു.

വിവിധ കാലഘട്ടത്തിലായി അഞ്ച് ഡി.വൈ.എസ്.പിമാര്‍ നടത്തിയ അന്വേഷണത്തിനിടെ അമ്പതോളം പേരെ ചോദ്യം ചെയ്തതായും തൊണ്ണൂറോളം രേഖകള്‍ പരിശോധിച്ചതായും കോടതിക്ക് സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം