സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കി

September 6, 2011 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത സ്‌കൂളുകളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയും ഇതര ഭാഷകള്‍ ഒന്നാം ഭാഷയായി എടുത്തു പഠിക്കുന്ന കുട്ടികള്‍ക്കു മലയാള പഠനത്തിനു കൂടുതല്‍ പീരിയഡുകള്‍ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതനുസരിച്ച് പൊതു വിദ്യാലയങ്ങളില്‍ ചൊവ്വാഴ്ചകളില്‍ എട്ടു പീരിയഡുകളുണ്ടാകും. ഉച്ചവരെ 40 മിനിറ്റുകള്‍ വീതമുള്ള നാലു പീരിയഡുകളും ഉച്ചകഴിഞ്ഞു 35 മിനിറ്റുകള്‍ വീതമുള്ള നാലു പീരിയഡുകളും ഉണ്ടാകും.

ഓറിയന്റല്‍ വിദ്യാലയങ്ങളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്നു പീരിയഡുകള്‍ കണ്ടെത്തി മലയാളം പഠിപ്പിക്കും. ഈ ദിവസങ്ങളില്‍ ഓറിയന്റല്‍ സ്‌കൂളുകളില്‍ എട്ടു പിരീഡുകളുണ്ടാകും.

സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിനും ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം ഉറപ്പാക്കുന്നതിനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പ് ഡയറയക്ടര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ട്. ഓണാവധിക്കുശേഷം ആവശ്യമായ ക്രമീകരണം നടത്തി ബന്ധപ്പെട്ടവര്‍ വിദ്യാഭ്യാസ വകുപ്പിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പത്താം ക്ലാസുവരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

സംസ്ഥാനത്തു മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ജൂണ്‍ 27 നു പുറപ്പെടുവിച്ചിരുന്നുവെങ്കിലും അവ്യക്തതകളും ആശയക്കുഴപ്പങ്ങളും നിറഞ്ഞതായതിനാല്‍ കാര്യമായ ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണു പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കന്നട, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായിട്ടുള്ള കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷ പഠിക്കാന്‍ നിലവിലുള്ള സംവിധാനം തുടരും. ഇതിനൊപ്പം നിലവിലുള്ള ഭാഷയ്ക്കു പുറമേ മലയാളംകൂടി പഠിക്കാനുള്ള സാഹചര്യം ഒരുക്കും. സംസ്‌കൃതം,അറബി ഓറിയന്റല്‍ സ്‌കൂളുകളില്‍ ഒന്നാം ഭാഷ പാര്‍ട്ട് രണ്ടില്‍ മലയാളം കൂടി പഠിപ്പിക്കും. പാര്‍ട്ട് രണ്ടില്‍ രണ്ടു പേപ്പറുകളായിരിക്കും. സംസ്‌കൃതം, അറബി എന്നിവതന്നെയായിരിക്കും ഒന്നാം പേപ്പര്‍. മലയാളം രണ്ടാം പേപ്പര്‍.

എല്ലാ വിഭാഗം സ്‌കൂളുകളിലും ഒന്നാം ഭാഷ പാര്‍ട്ട് രണ്ടില്‍ സ്‌പെഷല്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഘട്ടംഘട്ടമായി ഒഴിവാക്കും. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എല്ലാ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ നിര്‍ബന്ധമായും മലയാളം പഠിപ്പിക്കണമെന്നു നിര്‍ദേശമുണ്ട്. ഇത്തരം സ്‌കൂളുകള്‍ക്കു നല്‍കുന്ന അംഗീകാര സര്‍ട്ടിഫിക്കറ്റില്‍ വ്യവസ്ഥയായി ഇതുള്‍പ്പെടുത്തും. ഫിഷറീസ് സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന നിലവിലുള്ള സ്ഥിതി തുടരും.

വൊക്കഷേണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇംഗ്ലീഷിനൊപ്പം മലയാളം പഠിപ്പിക്കാനാവുംവിധം നടപടിക്രമങ്ങള്‍ രൂപീകരിക്കാന്‍ വിഎച്ച്എസ്ഇ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ മലയാളത്തിനൊപ്പം ഹിന്ദി, സംസ്‌കൃതം, അറബി തുടങ്ങിയവയ്ക്കും പ്രാധാന്യം നല്‍കുന്ന തരത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് പാര്‍ട്ട് രണ്ടായി എന്‍സിഇആര്‍ടി തയാറാക്കിയിരിക്കുന്ന നിലവിലുള്ള മലയാളം പാഠാവലികള്‍ തന്നെ ഉപയോഗിക്കാമോ എന്ന കാര്യം വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുന്നുണ്ട്. പുതിയ പാഠപുസ്തകം തയാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കരിക്കുലം കമ്മിറ്റി നല്‍കും. കേരളത്തിനു പുറത്തുനിന്ന് ഇവിടത്തെ വിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളും മലയാളം ഒന്നാം ഭാഷയായി പഠിക്കണം. എട്ടാം ക്ലാസിലേക്ക് എസ്‌സിആര്‍ടി തയാറാക്കിയ മലയാള പുസ്തകം ഈ വര്‍ഷം തന്നെ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഓരോ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നതിന് അധികമായുള്ള പിരീഡുകള്‍ തസ്തിക നിര്‍ണയത്തിനു പരിഗണിക്കില്ല. അധ്യാപകരുടെ പരമാവധി പിരീഡുകള്‍ കഴിഞ്ഞും അധികം പിരീഡുകള്‍ വരുന്നുണ്ടെങ്കില്‍ ഇതിലേക്ക് ടീച്ചേഴ്‌സ് ബാങ്കില്‍നിന്നുള്ളവരെയും പ്രൊട്ടക്ടഡ് അധ്യാപകരെയും ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കും.

പുതിയ നിര്‍ദേശങ്ങള്‍ കാരണം ഏതെങ്കിലും അധ്യാപകരുടെ തസ്തിക നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ അത് അധിക തസ്തികയായി പരിഗണിച്ചു സംരക്ഷിക്കും. ഇതിനുള്ള നിര്‍ദേശം ഒരു മാസത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം