”നമുക്കു നാമേ പണിവതുനാകം നരകവുമതുപോലെ”

September 6, 2011 സനാതനം

സി.മായമ്മ
സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ത്തന്നെയാണെന്നും അത് മനസ്സിന്റെ ആപേക്ഷിക അനുഭവങ്ങളാണെന്നും നാം വിശ്വസിക്കുന്നു. ആ നിലയ്ക്ക് ഭൂമിയിലെ നരകാനുഭവങ്ങളെ മാറ്റി സ്വര്‍ഗ്ഗാനുഭവങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയുമോ എന്ന് ചിന്തിക്കാം. ആരോഗ്യമുള്ള ശരീരത്തിലെ സ്വസ്ഥമനസ്സിനു സ്ഥാനമുള്ളു. ശുദ്ധവും പോഷകഗുണവുമുള്ളതുമായ ആഹാരം കൊണ്ടു മാത്രമേ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയൂ. ആഹാരം, നിദ്ര, വ്യായാമം, ശരീരശുദ്ധി തുടങ്ങിയവ ശരീരത്തിന് ആരോഗ്യം കൊടുക്കുന്നതുപോലെ ശുദ്ധമായ വിചാരവികാരങ്ങളാണ് മനസ്സിന് ആരോഗ്യം കൊടുക്കുന്നത്. വിശേഷബുദ്ധിയുള്ള മനുഷ്യനെ നിയന്ത്രിക്കുന്നത് അവനവന്റെ മനസ്സാണ്. മനസ്സിന്റെ വിചാരധാരകളാണ് അവന്റെ സുഖദുഃഖങ്ങളെ തീരുമാനിക്കുന്നത്. മനസ്സാണ് മനുഷ്യനെ സര്‍വ്വസംഗപരിത്യാഗിയായ സന്യാസിയാക്കുന്നതും, എല്ലാദുഷ്‌കര്‍മ്മങ്ങളും ചെയ്യുന്ന കള്ളനും കൊള്ളക്കാരനുമാക്കുന്നതും അതുകൊണ്ടല്ലേ കവി
”ചിത്തമാം വലിയവൈരികീഴമര്‍ന്ന
ത്തല്‍ തീര്‍ന്ന യമിതന്നെ ഭാഗ്യവാന്‍” എന്ന് പാടിയത്.

മനസ്സിന്റെ വിചാരധാരയാണ് അവന്റെ ബന്ധുവും ശത്രുവും. അതാണ് മനുഷ്യന്റെ ജീവിതംതന്നെ കരുപിടിപ്പിക്കുന്നത്. ആ നിലയ്ക്ക് മനസ്സിനെ മെരുക്കിയെടുത്താല്‍ നമുക്ക് നല്ല ജീവിതം നയിക്കാനും അതുവഴി ശാന്തിയും, സമാധാനവും സന്തോഷവും കൈവരിക്കുവാനും കഴിയുമെന്നതിനു തര്‍ക്കമില്ല. എന്നാല്‍ ഈ മനസ്സിനെ എങ്ങിനെമെരുക്കിയെടുക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് വളരെയേറെ ചിന്തിക്കേണ്ടതും പഠിക്കേണ്ടതും ഉണ്ട്. ഒരേ വസ്തുവിനെത്തന്നെ പല മാനസികാവസ്ഥയില്‍ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന വികാരങ്ങള്‍ വ്യത്യസ്ഥമാണ്. ശാന്തിയുള്ള മനസ്സ് എന്തിലും സന്തോഷവും സംതൃപ്തിയും കാണുമ്പോള്‍ കോപകലുഷിതവും നിരാശഭരിതവുമായ മനസ്സ് എല്ലാറ്റിലും അസംതൃപ്തിയും അശാന്തിയും മാത്രമേ കാണുകയുള്ളു. സന്തോഷവാനായിരിക്കുന്ന ഒരാളുടെ അടുത്തേയ്ക്ക് തന്റെ ഓമന മകന്‍ കരഞ്ഞുകൊണ്ടുവരുമ്പോള്‍ അവനെ വാരിപ്പുണര്‍ന്ന് കരച്ചിലകറ്റി സന്തോഷിപ്പിക്കുന്നു. നേരേമറിച്ച് പരുഷവും കലുഷിതവുമായ മനസ്സോടെയിരിക്കുമ്പോഴാണ് ആ കുട്ടികള്‍ കരഞ്ഞു കൊണ്ടുവരുന്നതെങ്കില്‍ ആ കരച്ചില്‍ അരോചകമായിത്തോന്നുകയും ആ കുട്ടിയോട് ദേഷ്യപ്പെടുകയും ചെയ്യുന്നു. ഇവിടെ കുട്ടിയുടെ കരച്ചിലല്ല്, മനസ്സിന്റെ അവസ്ഥയാണ് ഈ വ്യത്യസ്ത പെരുമാറ്റത്തിനു കാരണം. ഇതില്‍ നിന്നും മനസ്സിന്റെ അവസ്ഥയാണ് സ്വഭാവം ഉണ്ടാക്കുന്നതെന്നു ബോദ്ധ്യമാകുമല്ലോ.

മനസ്സിന്റെ ഇത്തരം അവസ്ഥകളെ സ്വാധീനിച്ച് കീഴ്‌പ്പെടുത്തിയാലേ നമുക്ക് സുഖജീവിതം നയിക്കാന്‍ കഴിയൂ. അതുകൊണ്ട് മനസ്സിന്റെ വിചാരധാരകളെക്കുറിച്ച് വിമര്‍ശനബുദ്ധ്യാ ചിന്തിക്കണം. അതിലെ ശരിയും തെറ്റും തിരിച്ചറിയുണം. അതിന്റെ ഒഴുക്കും വഴിയും അറിയണം. അവയെ നിയന്ത്രിച്ച് എപ്പോഴും സത്വിചാരധാരകള്‍ മാത്രം നേരായ മാര്‍ഗ്ഗത്തില്‍ക്കൂടി ഒഴുകുന്ന മനസ്സിന്റെ ഉടമയാകാന്‍ ശ്രമിക്കണം. നിരന്തരമായ ശ്രമം കൊണ്ടുമാത്രമേ അതു സാധിക്കൂ. സത്ഗ്രന്ഥങ്ങള്‍ വായിക്കുകയും സത്തുക്കളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്താല്‍ വിചാരധാരയുടെ ഒഴുക്ക് ക്രമേണ സത്മാര്‍ഗ്ഗത്തിലൂടെ ആയിക്കൊള്ളും. സത്ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ അതിലെ അനഘമായ ആശയങ്ങളും ആദര്‍ശങ്ങളും നമ്മുടെ മനസ്സിനെ ഉദാത്തമായ ഉണ്‍മിയിലേക്ക് നയിക്കും. സത്തുക്കളുമായുള്ള സമ്പര്‍ക്കം വായനകൊണ്ടു നേര്‍വഴിക്കെത്തിയ വിചാരധാരയുടെ ആക്കവും വലിപ്പവും കൂട്ടുകയും അതുവഴി നമ്മെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള മണ്ഡലത്തിലെത്തിക്കുകയും ചെയ്യുന്നു.

സത്തുക്കളില്‍നിന്നും ഈശ്വരനെയും ഈശ്വരന്റെ അനന്തപ്രേമത്തേയും നീതിബോധത്തേയുംകുറിച്ച് അറിയുവാനും സാധനയില്‍ കൂടി അതനുഭവിക്കാനും ഉള്ള മാര്‍ഗ്ഗങ്ങള്‍ ലഭിക്കുന്നു. സത്സംഗമാണ് നമ്മുടെ മനസ്സുകളില്‍ ഉറങ്ങിക്കിടക്കുന്ന എല്ലാ നന്മകളേയും തട്ടി ഉണര്‍ത്തി ഈശ്വരസാക്ഷാല്‍ക്കാരത്തിന് പ്രചോദനം നല്‍കുന്നത്. ഈശ്വരനോടുള്ള ഭക്തിയാണ് വിചാരധാരയ്ക്ക് നന്മപകര്‍ന്ന് കൊടുത്ത് മനസ്സിനേയും ബുദ്ധിയേയും നിയന്ത്രിച്ച് ആത്മാനുഭൂതിക്കു ശ്രമിക്കുവാന്‍ പ്രാപ്തരാക്കുന്നത്.
ഇവിടെ നാമജപത്തിനും അതിന്റെ പങ്കുവഹിക്കുവാനുണ്ട്. നാമവും രൂപവും തമ്മിലുള്ള അടുത്ത ബന്ധമാണ് ഏകാഗ്രതയിലേക്ക് വഴിതെളിക്കുന്നത്. കൃഷ്ണായെന്നു വിളിക്കുമ്പോള്‍ സര്‍വ്വാഭരണവിഭൂഷിതനായ കൃഷ്ണന്റെ രൂപം മനസ്സില്‍ ഓടിയെത്തുന്നു. ഹൃദയഹാരിയായ ആ രൂപം അവിടെ നില്‍ക്കുമ്പോള്‍ നാം വീണ്ടും വീണ്ടും ആ നാമം തന്നെ ഉച്ചരിക്കുന്നു. കൃഷ്ണന്റെ രൂപം മനസ്സില്‍നിന്നും മാറാതിരിക്കുവാന്‍ വിളിയുടെ ശബ്ദവും വേഗതയും കൂട്ടുകയും ചെയ്യുന്നു. ഇങ്ങനെയുള്ള നാമജപം ദിവസേന ആവര്‍ത്തിക്കുമ്പോള്‍ വളരെയേറെ ഏകാഗ്രമാകുന്നു. അതുകൊണ്ടുതന്നെയാണ് നാമജപത്തിന് മനസ്സിനെ സ്വാധീനിച്ച് ഏകാഗ്രമാക്കാനും ഭക്തിയും കര്‍മ്മവും ജ്ഞാനവും കോര്‍ത്തിണക്കി മനസ്സിന് പൂര്‍ണ്ണത്വം കൊടുക്കാനും കഴിയുമെന്നുപറയുന്നത്.

ജപനിഷ്ഠയുള്ള മനസ്സിലേ ശാന്തതയുള്ള മനസ്സിനെ മാത്രമേ ബാഹ്യശക്തികള്‍ക്കു പ്രേരിപ്പിക്കുവാന്‍ കഴിയൂ. ഭൂതകാലത്തിലെ അസന്തുഷ്ടാനുഭവങ്ങളും, വര്‍ത്തമാനകാലത്തിലെ അസംതൃപ്തികളും, ഭാവികാലത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും ആണ് ഭൗതീകലോകത്തെക്കുറിച്ച് മനുഷ്യമനസ്സുകളിലുള്ള ആശങ്കകള്‍. ഈ ആശങ്കകളെ നിയന്ത്രിച്ചാലെ മനശാന്തി ലഭിക്കൂ. ഇവയെ നിയന്ത്രിക്കാനുള്ള ഏക മാര്‍ഗ്ഗം ഇവയെ എല്ലാം സര്‍വ്വശക്തനായ ജഗദീശ്വരന്റെ പാദാരവിന്ദങ്ങളില്‍ അര്‍പ്പിച്ചിട്ട് അവിടുന്നു നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗത്തില്‍ക്കൂടി പ്രവര്‍ത്തിക്കുകമാത്രമാണ്. ഈശ്വരന്റെ പാദാരവിന്ദങ്ങളെ മുറുകെ പിടിക്കുന്ന ഒരു മനസ്സിനു മാത്രമേ തന്റെ എല്ലാവിധ ആശങ്കകളേയും ഈശ്വരപാദത്തിലര്‍പ്പിച്ച് സ്വയം ശാന്തി കൈവരിക്കുവാന്‍ കഴിയൂ. അയാള്‍ക്കു മാത്രമേ കര്‍മ്മയോഗിയായി ഈശ്വരസാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയിലെത്തുവാന്‍ സാധിക്കൂ.

ഭക്തിയും, കര്‍മ്മവും, ജ്ഞാനവും ഉണ്ടെങ്കില്‍മാത്രമേ ഒരു പൂര്‍ണ്ണമനുഷ്യനാകുന്നുള്ളു. ശ്രീശങ്കരാചാര്യര്‍ക്ക് സര്‍വ്വജ്ഞപീഠത്തില്‍ കയറാനുണ്ടായ തടസ്സം കര്‍മ്മം പൂര്‍ത്തിയാകാതിരുന്നതാണല്ലോ. മനുഷ്യജന്മത്തിന്റെ എല്ലാ കര്‍മ്മങ്ങളും ചെയ്താലേ ജന്മം സഫലമായി എന്നു പറയാന്‍ കഴിയുകയുള്ളു. ഒരു പൂര്‍ണ്ണമനുഷ്യനാകുമ്പോള്‍ താന്‍ ആരാണെന്നും എന്തിനുവേണ്ടി ജന്മം കൊണ്ടു, എന്നും ജന്മത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കണമെന്നും ഉള്ള ബോധം വരുന്നു. ശരീരവും, ബുദ്ധിയും, മനസ്സും, ഒന്നുമല്ല ഞാനെന്നും ഈശ്വരനെ ആരാണെന്നറിയുവാന്‍ ആത്മാവിനു കിട്ടിയിരിക്കുന്ന ഉപാധികളാണ് ശരീരവും, ബുദ്ധിയും, മനസ്സും എന്നും എപ്പോള്‍ ബോധ്യമാകുന്നുവോ അപ്പോള്‍ അവന്‍ പൂര്‍ണ്ണതയിലേക്കുള്ള യാത്ര തുടങ്ങുന്നു. ഹൃദയാന്തര്‍ഭാഗത്ത് തുടിച്ചുകൊണ്ടിരിക്കുന്ന ആ ജീവസത്തയെ തിരിച്ചറിഞ്ഞ് അതിനെ പരിലാളിച്ച് പരിപോഷിപ്പിച്ച് ബാഹ്യപ്രേരണകളെ തട്ടിനീക്കി ആ ഉണ്മയില്‍ ലയിച്ചുചേരാന്‍ ശ്രമിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ജപവും സത്സംഗവും ഗ്രന്ഥപാരായണവും കൊണ്ട് വിചാരധാരകളെ നിയന്ത്രിച്ച്, ഭക്തിയും, കര്‍മ്മവും, ജ്ഞാനവും കോര്‍ത്തിണക്കി ഒരു പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിച്ചെടുക്കുവാന്‍ കഴിയും. അങ്ങിനെ നാം ഓരോരുത്തരും ഈശ്വരനെ അറിയുന്ന പൂര്‍ണ്ണ മനുഷ്യരായി ഈശ്വരന്റെ സമ്പത്തുകളായി തീരുമാറാകട്ടെ. ഈശ്വരന്റെ പ്രഭാപൂരത്തേയും ചൈതന്യവായ്പിനേയും തേടി സ്വയം പ്രകാശമുള്ളവരായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

കലികാലദോഷങ്ങളാടിത്തിമിര്‍ക്കുന്ന ആധുനികലോകത്തില്‍ നന്മ പരത്തുന്നതിനു പ്രാപ്തിയുള്ള, സ്വയം പ്രകാശമാര്‍ജ്ജിച്ച നല്ല ജനസമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ ഗുരുക്കന്‍മാരും കലികാലവരദനും നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം