ഡല്‍ഹി ഹൈക്കോടതിയ്ക്ക് സമീപം സ്‌ഫോടനം; ഒമ്പത് പേര്‍ മരിച്ചു

September 7, 2011 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. രാംമനോഹര്‍ ലോഹ്യ, സഫ്ദര്‍ജംഗ് ആസ്പത്രികളിലായി പ്രവേശിപ്പിച്ചിരിക്കയാണ്.
ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപം രാവിലെ 10.17നാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. കോടതി സ്ഥിതി ചെയ്യുന്ന കോംപ്ലക്‌സിലേയ്ക്ക് പ്രവേശിക്കാനുള്ള പാസ്സിനായി അഞ്ചാം നമ്പര്‍ ഗേറ്റില്‍ ഇരുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു. സ്യൂട്ട്‌കേസിലുണ്ടായിരുന്ന സ്‌ഫോടനവസ്തുവാണ് പൊട്ടിത്തെറിഞ്ഞതെന്നാണ് പ്രാഥമികവിവരം. എന്‍.ഐ.എ അന്വേഷണച്ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.

രാവിലെ 10.30ന് കോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു സ്‌ഫോടനം. സന്ദര്‍ശകരെയും അഭിഭാഷകരെയും കടത്തിവിടുന്നത് അഞ്ചാം നമ്പര്‍ ഗേറ്റ് വഴിയാണ്. ഇതിനുസമീപമാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.

ബുധനാഴ്ചകള്‍ ഹൈക്കോടതിയില്‍ പൊതുവെ തിരക്ക് കൂടുതലായിരിക്കും. പൊതുതാല്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന ദിവസമായതിനാല്‍ നിരവധി പേരാണ് ബുധനാഴ്ചകളില്‍ ഹൈക്കോടതിയിലുണ്ടാവുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം