യാഹൂ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരോള്‍ ബാട്‌സിനെ പിരിച്ചു വിട്ടു

September 7, 2011 രാഷ്ട്രാന്തരീയം

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ ഇന്റര്‍നെറ്റ് സേര്‍ച്ച് കമ്പനിയായ യാഹൂ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരോള്‍ ബാട്‌സിനെ പിരിച്ചു വിട്ടു. ചൈനയില്‍ ഇന്റര്‍നെറ്റ് സേര്‍ച്ച് കമ്പനിയായ ആലിബാബയുമായി ഈയിടെയുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് സി.ഇ.ഒയെ പിരിച്ചു വിട്ടത്. കമ്പനി ചെയര്‍മാന്‍ റോയ് ബോയ്‌സ്‌റ്റോക്ക് ഫോണില്‍ വിളിച്ചാണ് ബാട്‌സിനെ പിരിച്ചു വിടാനുള്ള തീരുമാനം അറിയിച്ചത്. കരോള്‍ ബാട്‌സ് ഇമെയില്‍ വഴി ഇത് സ്തിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടിം മോഴ്‌സ് ഇടക്കാല സി.ഇ.ഒയായി സ്ഥാനമേല്‍ക്കും.

2009 ജനവരിയില്‍ സ്ഥാനമേറ്റത് തൊട്ടിങ്ങോട്ട് യാഹൂവിന് കാര്യമായ നേട്ടമുണ്ടാക്കികൊടുക്കാന്‍ ബാട്‌സിന് കഴിഞ്ഞിരുന്നില്ല. കൂടാതെ ആലിബാബയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ബാട്‌സിന് ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. യാഹൂവിന് പങ്കാളിത്തമുള്ള ആലിബാബ അതിന്റെ ചൈനീസ് ഓണ്‍ലൈന്‍ പേമെന്റ് വിഭാഗത്തിലെ ആലിബാബയുടെ ചീഫ് എക്‌സിക്യൂട്ടിവിന്റെ നേതൃത്വത്തിലുള്ള മറ്റൊരു കമ്പനിയിലേക്ക് മാറ്റിയെന്ന് യാഹൂ ഈയിടെ പരാതിപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു. യാഹൂവിന് ആലിബാബയിലുള്ള നിയന്ത്രണം നഷ്ടപ്പെടുകയാണെന്ന അനുമാനമായിരുന്നു ഇതിന് കാരണം.

ബാട്‌സിനെ പിരിച്ചുവിട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യാഹൂ ഓഹരികളുടെ വില ആറ് ശതമാനത്തോളം ഉയര്‍ന്നു. ഇന്റര്‍നെറ്റ് രംഗത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും ശക്തമായ മത്സരമാണ് യാഹൂ നേരിടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം