ഭഗവത്‌ ഗീതയിലെ വിശ്വരൂപ ദര്‍ശനത്തിന്‌ ചുമര്‍ചിത്രത്തിലൂടെ സാക്ഷാത്‌കാരം

August 11, 2010 കേരളം,മറ്റുവാര്‍ത്തകള്‍

പാവറട്ടി: ഭഗവത്‌ ഗീതയിലെ 11-ാം അധ്യായത്തില്‍ വര്‍ണിക്കുന്ന വിശ്വരൂപ ദര്‍ശനത്തിന്‌ കേരളീയ ചുമര്‍ചിത്രത്തിലൂടെ സാക്ഷാത്‌ക്കാരം. പരമ്പരാഗത ചുമര്‍ചിത്രശൈലിയില്‍ ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്രപഠനകേന്ദ്രം അധ്യാപകന്‍ എം.നളിന്‍ ബാബുവും ശിഷ്യന്‍ ജയന്‍ അക്കിക്കാവും ചേര്‍ന്നാണ്‌ ആറടി നീളവും നാലടി വീതിയും വരുന്ന ചിത്രം പൂര്‍ത്തിയാക്കിയത്‌. മഹാഭാരതയുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ അര്‍ജുനന്‌ ഗീത ഉപദേശിക്കുന്നതും തന്റെ യഥാര്‍ഥ രൂപമായ വിശ്വരൂപം കാണിച്ചുകൊടുക്കുന്നതുമാണ്‌ ചിത്രത്തിന്റെ പ്രതിപാദ്യം. അനന്തനെ തലയിലണിഞ്ഞ്‌ ബ്രഹ്മാവ്‌, ശിവന്‍, ഗണപതി, വായില്‍നിന്നും അഗ്നിപൊഴിക്കുന്ന ദേവന്‍മാര്‍ എന്നിവരെയെല്ലാം ഇരുപത്‌ തലകളിലായി ചിത്രീകരിച്ചിരിക്കുന്നു. ഇരുവശങ്ങളിലുമായി പത്തുവീതം ഇരുപത്‌ കൈകളിലായി ശംഖ്‌, ചക്രം, ഗദ, പന്തം, വാള്‌, മാല, ശൂലം തുടങ്ങിയ ആയുധങ്ങളുമായി മന്ദസ്‌മിതം തൂകി നില്‍ക്കുന്ന വിഷ്‌ണുരൂപമാണ്‌ ചിത്രകാരന്‍ ഒരുക്കിയത്‌.പശ്ചാത്തലത്തിലായി മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്‌ണന്‍, ഖല്‍ഖി തുടങ്ങിയ ദശാവതാരങ്ങളേയും വരച്ചിരിക്കുന്ന ചിത്രം രചിക്കാന്‍ ഒരുമാസത്തെ സമയമെടുത്താണ്‌ രചന പൂര്‍ത്തിയാക്കിയത്‌. കേരളീയ ചുമര്‍ചിത്ര ശൈലിയില്‍ വിശ്വരൂപ ദര്‍ശനത്തെ ആദ്യമായാണ്‌ ചുമര്‍ചിത്ര ശൈലിയില്‍ വരുക്കുന്നതെന്ന്‌ ചിത്രകാരന്‍ എം.നളിന്‍ ബാബു പറഞ്ഞു.നിരവധി ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്ര രചന നടത്തിയിട്ടുള്ള നളിന്‍ ബാബു അന്തരിച്ച കവി കെ.ബി.മേനോന്റെ മകനാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം