രാഷ്‌ട്രപതി ഇന്ന്‌ കേരളത്തില്‍

August 12, 2010 കേരളം,മറ്റുവാര്‍ത്തകള്‍

 കോട്ടയം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനു രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ ഇന്ന്‌ എത്തും. രണ്ടു രാത്രികള്‍ കുമരകത്തു തങ്ങുന്ന രാഷ്‌ട്രപതി ഭരണങ്ങാനത്തും തിരുവനന്തപുരത്തും ആലപ്പുഴയിലുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും. എല്ലാ യാത്രകളും കോട്ടയത്തെ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ നിന്നു ഹെലികോപ്‌റ്ററിലാണ്‌.
ഇന്ന്‌ ഉച്ചയ്‌ക്കു 12.50നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഷ്‌ട്രപതിയെ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. അവിടെ നിന്നു ഹെലികോപ്‌റ്ററില്‍ 1.30നു കോട്ടയത്തെത്തും. പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ ഇറങ്ങി കാറില്‍ കുമരകത്തെ താജ്‌ ഹോട്ടലില്‍ എത്തും. 4.25നു കോട്ടയം വഴി ഭരണങ്ങാനത്തേക്കു പോകും. 5.15നു വിശുദ്ധ അല്‍ഫോന്‍സാമ്മാ ജന്മശതാബ്‌ദി സമാപനസമ്മേളനം ഉ്‌ദഘാടനം ചെയ്യും. തിരികെ ഏഴു മണിയോടെ കുമരകത്തെത്തും.
നാളെ രാവിലെ 8.25നു കുമരകത്തു നിന്നു ഹെലികോപ്‌റ്ററില്‍ തിരുവനന്തപുരത്തേക്കു പോകും. പള്ളിപ്പുറം സിആര്‍പിഎഫ്‌ ക്യാംപില്‍ ഹെലികോപ്‌റ്ററില്‍ എത്തുന്ന രാഷ്‌ട്രപതി അവിടെ നിന്നു റോഡുമാര്‍ഗം ശാന്തിഗിരി ആശ്രമത്തിലെത്തും. 10ന്‌ ആശ്രമത്തില്‍ പര്‍ണശാലസമര്‍പ്പണ ചടങ്ങിനു ശേഷം 11.30നു കനകക്കുന്നില്‍ പി.എന്‍. പണിക്കര്‍ ശതാബ്‌ദി ആഘോഷത്തിന്റെ സമാപന ചടങ്ങിലും പങ്കെടുക്കും. തുടര്‍ന്നു തിരികെ 1.40നു കോട്ടയത്തെത്തി കുമരകത്തേക്കു പോകും. 14ന്‌ ഉച്ചവരെ കുമരകത്തു കുടുംബത്തോടൊപ്പം ബോട്ടിങ്ങും വിശ്രമവും. ഉച്ചഭക്ഷണത്തിനു ശേഷം 1.30നു കോട്ടയത്തെത്തും.
നെഹ്‌റു ട്രോഫി ജലോല്‍സവം ഉദ്‌ഘാടനം ചെയ്യാന്‍ ഹെലികോപ്‌റ്ററില്‍ ആലപ്പുഴയ്‌ക്കു പോകുന്ന രാഷ്‌ട്രപതി ഉച്ചയ്‌ക്ക്‌ 1.50ന്‌ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഇറങ്ങും. രാഷ്‌ട്രപതിയെയും കുടുംബത്തെയും റോഡുമാര്‍ഗം ബോട്ടു ജെട്ടിയിലും അവിടെ നിന്നു ബോട്ടില്‍ പവിലിയനിലും എത്തിക്കും. ഉദ്‌ഘാടനത്തിനു ശേഷം വൈകിട്ടു 4.50നു കൊച്ചി വഴി ഡല്‍ഹിക്കു മടങ്ങും.
രാഷ്‌ടപതിയുടെ ഭര്‍ത്താവ്‌ ഡോ. ദേവി സിങ്‌ ശെഖാവത്‌, മകള്‍ ജ്യോതി റാത്തോഡ്‌, മകളുടെ ഭര്‍ത്താവ്‌ ജയേഷ്‌ റാത്തോഡ്‌, പേരക്കുട്ടികളായ ധ്രുവേഷ്‌, ദേവിക എന്നിവരും ഒപ്പമുണ്ടാവും. മന്ത്രി പി.കെ. ശ്രീമതി രാഷ്‌ക്കട്രപതിയെ അനുഗമിക്കും. കോട്ടയം, കുമരകം, ഭരണങ്ങാനം, ആലപ്പുഴ എന്നിവിടങ്ങളില്‍ വന്‍സുരക്ഷാസന്നാഹമാണ്‌. കോട്ടയം, കുമരകം, ഭരണങ്ങാനം എന്നിവിടങ്ങളില്‍ ഇന്നു ഗതാഗത നിയന്ത്രണവുമുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം