ശാന്തിഗിരിയിലെ പര്‍ണശാല സമര്‍പ്പണം നാളെ

August 12, 2010 കേരളം,മറ്റുവാര്‍ത്തകള്‍


തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തില്‍ നിര്‍മിച്ച പര്‍ണശാല നാളെ 10ന്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ മാനവരാശിക്കു സമര്‍പ്പിക്കും. ഒരു മാസത്തെ ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും രാഷ്‌ട്രപതി നിര്‍വഹിക്കും. നിര്‍മാണ വൈദഗ്‌ധ്യം കൊണ്ടും സാങ്കേതിക മികവുകൊണ്ടും പര്‍ണശാല ഇതിനകം തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ചു.
സെപ്‌റ്റംബര്‍ 12നു നവപൂജിതം ആഘോഷദിനത്തില്‍ പര്‍ണശാല ആരാധനയ്‌ക്കായി തുറന്നുകൊടുക്കും. 21 ഇതളുകളുമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതിയിലാണു പര്‍ണശാല. വെള്ള മാര്‍ബിളില്‍ പണിത പര്‍ണശാലയ്‌ക്കു 91 അടി ഉയരവും, 84 അടി വ്യാസവുമുണ്ട്‌. മുകളിലേക്ക്‌ 12 ഇതളുകളും താഴേയ്‌ക്ക്‌ ഒന്‍പത്‌ ഇതളുകളുമാണ്‌. മുകളിലുള്ള ഇതളുകള്‍ക്ക്‌ 41 അടിയും, താഴെയുള്ളവയ്‌ക്ക്‌ 31 അടിയും നീളമുണ്ട്‌. 30 കോടി രൂപയാണു നിര്‍മാണച്ചെലവ്‌.
ആശ്രമത്തിലെത്തുന്ന രാഷ്‌ട്രപതിയെ ആശ്രമം പ്രതിനിധികള്‍ സ്വീകരിക്കും. രാഷ്‌ട്രപതി പ്രാര്‍ഥനാലയത്തിലെത്തി ആരാധനയില്‍ പങ്കെടുക്കും. ആശ്രമം ഗുരുസ്‌ഥാനീയ ശിഷ്യപൂജിതയുമായി രാഷ്‌ട്രപതി കൂടിക്കാഴ്‌ച നടത്തും. സമാധാനത്തിനും ശാന്തിക്കും ആത്മീയതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തുന്ന മാനവിക സമൂഹം അനിവാര്യമാണെന്ന സന്ദേശമായിരിക്കും കൂടിക്കാഴ്‌ച ലോകത്തിനു നല്‍കുകയെന്ന്‌ സ്വാമി ജ്യോതിരൂപ ജ്‌ഞാന തപസ്വി, സ്വാമി ജനനന്മ ജ്‌ഞാന തപസ്വി, ടി. ശശിമോഹന്‍, മധുപാല്‍, ജി. ജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
ആഗോള കാലാവസ്‌ഥാ വ്യതിയാനത്തെ കുറിച്ച്‌ സെമിനാര്‍, സേവന പ്രവര്‍ത്തനങ്ങള്‍, സഹായ വിതരണങ്ങള്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. ആശ്രമ പരിസരത്തെ ആറു പഞ്ചായത്തുകളിലായി 60,000 കിലോ അരി വിതരണം ചെയ്യും. വിവാഹ ധനസഹായം നല്‍കാനും പദ്ധതിയുണ്ട്‌. പര്‍ണശാല സമര്‍പ്പണച്ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌, മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, രമേശ്‌ ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം