ഡല്‍ഹി സ്‌ഫോടനം: ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീനും രംഗത്തെത്തി

September 8, 2011 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീനും രംഗത്തെത്തി. ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലൂടെയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. അടുത്ത ചൊവ്വാഴ്ച രാജ്യത്തെ തിരക്കേറിയ ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും കഴിയുമെങ്കില്‍ തടയാനുമുള്ള മുന്നറിയിപ്പും ഇ മെയിലില്‍ ഉണ്ട്. സന്ദേശത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ സ്‌ഫോടനം നടന്ന ശേഷം ഹുജി ഉത്തരവാദിത്വമേറ്റിരുന്നു. എന്നാല്‍ ഹുജിക്ക് ഈ സ്‌ഫോടനവുമായി ബന്ധമില്ലെന്നും വളരെ നാളുകള്‍ മുന്‍പു തന്നെ തങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി തയാറാക്കിയിരുന്നെന്നും അത് നടപ്പാക്കുകയായിരുന്നുവെന്നും സന്ദേശത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പറയുന്നു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗമെന്ന് പരിചയപ്പെടുത്തി ഛോട്ടു എന്ന് പേരിലാണ് സന്ദേശം അയച്ചിരിക്കുന്നത്. അതേസമയം അന്വേഷണത്തെ വഴിതെറ്റിക്കാനാണോ പുതിയ സന്ദേശമെന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് നാലു പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ ഇ മെയില്‍ സന്ദേശം അയച്ച കാഷ്മീരിലെ കിഷ്ത്വാറിലെ ഒരു ഇന്റര്‍നെറ്റ് കഫേ ഉടമയെയും രണ്ടു പേരെയുമാണ് പ്രധാനമായും അറസ്റ്റ് ചെയ്തത്.

ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്നലെ തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള ഒരാളെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സ്‌ഫോടനത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം