ഭീകരവാദവും ഇടതുപക്ഷ ഭീകരതയും പ്രധാന വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി

September 10, 2011 ദേശീയം

ന്യൂഡല്‍ഹി: ഭീകരവാദവും ഇടതുപക്ഷ ഭീകരതയുമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. പുനസംഘടിപ്പിച്ച ദേശിയോദ്ഗ്രഥന കൗണ്‍സിലിന്റെ യോഗത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡല്‍ഹി ഹൈക്കോടതി കവാടത്തിന് സമീപമുണ്ടായ സ്‌ഫോടനം ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിന് മറ്റൊരു വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ശക്തമാക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരും മറ്റു സംസ്ഥാനങ്ങളുമായുള്ള ആഭ്യന്തരപോലീസ് ഇന്റലിജന്‍സ് വകുപ്പ് ബന്ധങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്.

ഭീകരവാദം നേരിടുന്ന കാര്യത്തില്‍ വിട്ടുവീഴ്ച വരാന്‍ പാടില്ല. സകലപാര്‍ട്ടികളും പരസ്പര വ്യത്യാസങ്ങള്‍ മറന്ന് ഇക്കാര്യത്തിനായി ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ പക്ഷപാതിത്വം ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി സ്‌ഫോടനത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് പിന്നീട് സംസാരിച്ച ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. ആദ്യ ഇമെയില്‍ സന്ദേശം അയച്ച ആളിനെ പോലീസിന് അറസ്റ്റുചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം അടിയന്തരഘട്ടങ്ങളില്‍ സര്‍ക്കാരിനെ വെറുതെ കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്. പാര്‍ട്ടീവ്യത്യാസങ്ങള്‍ മറന്ന് വെല്ലുവിളികളെ നേരിടുന്ന കാര്യത്തില്‍ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷപാര്‍ട്ടികളോട് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം