ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരത്തിന്റെ മൂല്യനിര്‍ണയത്തിന് ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി സംവിധാനവും

September 10, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വമി ക്ഷേത്രത്തിലെ മൂല്യശേഖരത്തിന്റെ  മൂല്യനിര്‍ണയത്തില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി ഉപയോഗിക്കാന്‍ തീരുമാനമായി. അമൂല്യമായ വസ്തുക്കളുടെ പരിശോധന വിവിധ ക്യാമറകളിലൂടെ പകര്‍ത്തി നിരീക്ഷിക്കാനും റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനുമാണ് സമിതിയുടെ തീരുമാനം. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നവരെ ആദ്യവും അവസാനവും ദേഹപരിശോധനയ്ക്ക് വിധേയമാക്കും. അമൂല്യമായ നിധിയുടെ മൂല്യനിര്‍ണയം പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടവരുത്താതിരിക്കാനാണ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുന്നത്.

ക്ഷേത്രത്തില്‍ നിലവറകള്‍ക്കടുത്തുള്ള രണ്ട് വരാന്തകളാണ് പരിശോധനയ്ക്കായി സമിതി കണ്ടെത്തിയത്. ഇവ പുറത്ത് നിന്നെത്തുന്നവര്‍ കാണാത്ത തരത്തില്‍ മറയ്ക്കും. ഈ ഭാഗത്തിനു ചുറ്റും അകത്തും ക്യാമറകള്‍ സ്ഥാപിക്കും. നിലവറയില്‍ നിന്നും ഓരോ സാധനവും എടുക്കുന്നത് മുതല്‍ പരിശോധിച്ച് തിരിച്ചുവെയ്ക്കും വരെ പൂര്‍ണമായും ക്യാമറകളില്‍ പതിയും. ഇത് തത്സമയം നിരീക്ഷിക്കുകയും ചെയ്യും. പരിശോധന നടത്തുന്നതിന് ചുറ്റും കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തും. ഇവിടെയും ക്യാമറകള്‍ സ്ഥാപിക്കും.

കോടതി നിയോഗിച്ച സമിതികളിലെ അംഗങ്ങളടക്കമുള്ളവര്‍ക്കെല്ലാം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു്. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നവര്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ പാടില്ല. ലളിതമായ വസ്ത്രങ്ങള്‍ ധരിക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പരിശോധന നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതുമുതല്‍ തിരിച്ചിറങ്ങുംവരെ ഓരോരുത്തരും സി.സി.ടി.വി ഉപയോഗിച്ചുള്ള നിരീക്ഷണത്തിലായിരിക്കും.

കോടതി കേസ് പരിഗണിക്കുന്ന 12 ന് ശേഷമാവും പരിശോധന ആരംഭിക്കുന്ന തീയതി തീരുമാനിക്കുന്നത്. സിമിതിയെ സാങ്കേതികമായി സഹായിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയുടെ സഹകരണവും തേടുന്നുണ്ട്. ഇത് സംബന്ധിച്ച് കോടതിയില്‍ സമിതി നല്‍കുന്ന റിപ്പോര്‍ട്ടും 12 ന് പരിഗണനയ്ക്ക് വരും. സര്‍ക്കാര്‍ ഏജന്‍സിക്ക് സാങ്കേതിക ഉപകരണങ്ങളടക്കമുള്ള സംവിധാനങ്ങളൊരുക്കാനുള്ള സമയം നല്‍കേണ്ടി വരും. ഇതുകൂടി കണക്കിലെടുത്താവും നിലവറകള്‍ തുറക്കുന്ന തീയതി തീരുമാനിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം