കപ്പല്‍ കൂട്ടിയിടി: മുംബൈ തീരത്ത്‌ എണ്ണ പരക്കുന്നു

August 13, 2010 മറ്റുവാര്‍ത്തകള്‍

മുംബൈ: ശനിയാഴ്‌ച തുറമുഖത്ത്‌ രണ്‌ട്‌ വിദേശ ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്‌ടായ എണ്ണ ചോര്‍ച്ച അവസാനിപ്പിക്കാനുള്ള ശ്രമം നാവിക സേനയുടെ നേതൃത്വത്തില്‍ തുടരുന്നു. പനാമന്‍ കപ്പലുകളായ എം.എസ്‌.സി ചിത്രയും സെന്റ്‌ കിറ്റ്‌സില്‍ റജിസ്‌റ്റര്‍ ചെയ്‌ത എം.വി.ഖാലിജ-മൂന്ന്‌ എന്ന കപ്പലുമാണ്‌ കൂട്ടിയിടിച്ചത്‌.
എം.എസ്‌.സി ചിത്രയിലുണ്‌ടായിരുന്ന 300 എണ്ണ കണ്‌ടെയ്‌നറുകള്‍ കടലില്‍വീണതായി തീരരക്ഷാസേനാ അധികൃതര്‍ അറിയിച്ചു. 50 ടണ്ണോളം എണ്ണ കടലില്‍ പരന്നു കഴിഞ്ഞു. കപ്പല്‍ മുങ്ങിക്കൊണ്‌ടിരിക്കുകയാണ്‌. കപ്പലുകളിലുണ്‌ടായിരുന്ന 33 ജോലിക്കാരെ രക്ഷപ്പെടുത്തിയിരുന്നു.
എണ്ണ പരക്കുന്നതുമൂലമുള്ള പരിസ്ഥിതിമലിനീകൃത പ്രശ്‌നം തടയാന്‍ നാവികസേനയും തീരരക്ഷാസേനയും കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌. കൂടുതല്‍ മേഖലയിലേയ്‌ക്ക്‌ എണ്ണ പരക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സേനാ നേതൃത്വം അറിയിച്ചു.
അപകടത്തെ തുടര്‍ന്ന്‌ മുംബൈ തുറമുഖത്ത്‌  പ്രവര്‍ത്തനം തടസപ്പെട്ടു. തീരദേശത്തുള്ളവര്‍ മത്സ്യബന്ധനത്തിന്‌ പോകരുതെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. ഏതാനും ദിവസത്തേയ്‌ക്ക്‌ മത്സ്യ ഭക്ഷണം ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍