മോഡിക്കെതിരെ അന്വേഷണം വേണമോ എന്ന് വിചാരണ കോടതിക്കു തീരുമാനിക്കാമെന്നു സുപ്രീം കോടതി

September 12, 2011 ദേശീയം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അന്വേഷണം നടത്തണമോ എന്ന കാര്യം വിചാരണ കോടതിക്കു തീരുമാനിക്കാമെന്നു സുപ്രീം കോടതി. അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിചാരണ കോടതിക്കു കൈമാറണം. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല ചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സഖിയ ജഫ്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.കെ. ജെയിന്‍, ജസ്റ്റിസ് പി.സദാശിവം, ജസ്റ്റിസ് അഫ്താബ് ആലം എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണു വിധി പ്രസ്താവിച്ചത്. വിചാരണ കോടതി സാഖിയ ജഫ്രിയുടെ ഭാഗവും കേള്‍ക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  എസ്‌ഐടിയുടെ റിപ്പോര്‍ട്ടും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടും വിചാരണ കോടതിക്കു കൈമാറണമെന്നാണു സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടത്.

ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേകസംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമല്ലെന്നും കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സഖിയ ജഫ്രി സുപ്രീം കോടതിയെ സമീപിച്ചത്. മോഡിയെ ചോദ്യം ചെയ്ത ശേഷം എസ്‌ഐടി തലവന്‍ ആര്‍.കെ രാഘവന്‍ നല്‍കിയ വിശദീകരണവും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തൃപ്തികരമായിരുന്നില്ല. തുടര്‍ന്നു കോടതി എസ്‌ഐടി റിപ്പോര്‍ട്ട് പരിശോധിക്കാനും തെളിവുകള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനും മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം