കെനിയയില്‍ പെട്രോള്‍ പൈപ് ലൈനില്‍ സ്‌ഫോടനം; നൂറു മരണം

September 12, 2011 രാഷ്ട്രാന്തരീയം

നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ പെട്രോള്‍ പൈപ് ലൈനിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും നൂറിലധികം പേര്‍ മരിച്ചു. തീയണയ്ക്കുന്നതിനായി അഗ്നിശമനസേന ശ്രമം തുടരുന്നു. ജനവാസകേന്ദ്രത്തിനു സമീപമാണ് സംഭവമെന്നതിനാല്‍ തീ പടര്‍ന്നാല്‍ മരണസംഖ്യ ഉയരാനും വന്‍നാശനഷ്ടങ്ങള്‍ക്കും കാരണമാകും. നെയ്‌റോബി നഗരത്തിലെ ലക്ഷക്കണക്കിനു പേര്‍ താമസിക്കുന്ന ചേരിപ്രദേശത്തിനും വിമാനത്താവളത്തിനും സമീപത്തുകൂടിയാണ് പൈപ് ലൈന്‍ കടന്നുപോകുന്നത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അട്ടിമറിയാണോയെന്ന് സംശയമുണ്ട്. എന്നാല്‍ പൈപ് ലൈനില്‍ നിന്നു പെട്രോള്‍ ചോര്‍ന്നതാണ് തീപിടുത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് വക്താവ് പറഞ്ഞു. അഗ്നിശമനസേന തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുന്നതിനിടെയും പ്രദേശവാസികള്‍ ചോരുന്ന പെട്രോള്‍ ശേഖരിക്കാന്‍ തിരക്കുകൂട്ടുകയാണെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് സൈന്യവും പോലീസും സംഭവസ്ഥലത്തിന്റെ ചുമതല ഏറ്റെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം