ഓണാഘോഷത്തിനു സമാപനം കുറിച്ചുകൊണ്ട് സാംസ്‌കാരിക ഘോഷയാത്ര ഇന്ന്

September 13, 2011 കേരളം

തിരുവനന്തപുരം: ഓണാഘോഷത്തിനു സമാപനം സാംസ്‌കാരിക ഘോഷയാത്ര ഇന്നു നഗരവീഥികളില്‍ ദൃശ്യവിരുന്നൊരുക്കും. ഓണം വാരാഘോഷത്തിനു സമാപനം കുറിക്കുന്ന ഘോഷയാത്ര വൈകിട്ട് അഞ്ചിനു കവടിയാറില്‍ നിന്നാണ് ആരംഭിക്കുക. യക്ഷഗാനം, ധോളിഗുണിത,  തമിഴ്‌നാട്ടില്‍നിന്നുള്ള തപ്പാട്ടം, കരകാട്ടം, നെയ്യാണ്ടി മേളം, പൊയ്ക്കാല്‍ കുതിരനൃത്തം എന്നിവ ഘോഷയാത്രയ്ക്കു നിറം പകരും. മോഹിനിയാട്ടം, റോളര്‍ സ്‌കേറ്റിങ്, പുലികളി, പൂക്കാവടി, പഞ്ചവാദ്യം, കളരിപ്പയറ്റ്, മാരിയാട്ടം, ചവിട്ടുനാടകം, മയിലാട്ടം, കോല്‍കളി, ദഫ്മുട്ട്, തെയ്യം തുടങ്ങിയ കലാരൂപങ്ങളും ഉണ്ടാകും. അടുത്ത വര്‍ഷം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും ഘാഷയാത്രയിലുണ്ടാകുമെന്നു മന്ത്രി എ.പി. അനില്‍ കുമാര്‍ അറിയിച്ചു.

ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖ് ഫ്ളാഗ് ഓഫ് ചെയ്യുന്ന ഘോഷയാത്രയില്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എംഎല്‍എ, കണ്‍വീനര്‍ കെ.ആര്‍. ജ്യോതിലാല്‍, ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

മ്യൂസിയം ജംക്ഷന്‍, പാളയം, യൂണിവേഴ്‌സിറ്റി കോളജിനു മുന്‍വശം, സ്റ്റാച്യു, ആയുര്‍വേദ കോളജ് എന്നിവിടങ്ങളിലായി ഒരുക്കിയിരിക്കുന്ന പ്രത്യേക വേദികളില്‍ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ വൈകിട്ട് നാലിന്
ആരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം