ആര്‍ക്കോണം ട്രെയിന്‍ ദുരന്തം: പത്തുപേര്‍ മരിച്ചു; 83 പേര്‍ക്കു പരുക്കേറ്റു

September 14, 2011 ദേശീയം

ചെന്നൈ: ആര്‍ക്കോണത്തിനടുത്തു സിത്തേരി റയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 83 പേര്‍ക്കു പരുക്കേറ്റതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവരില്‍ പലരുടെയും നിലഗുരുതരമാണ്. ഇന്നലെ രാത്രി ഒന്‍പതരയോടെ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ആര്‍ക്കോണം -കാട്പാടി പാസഞ്ചര്‍ ട്രെയിനിനു പിന്നില്‍ തൊട്ടുപിന്നാലെ അതേ പാതയില്‍ വന്ന മേല്‍മറവത്തൂര്‍- വെല്ലൂര്‍ ഇലക്ട്രിക് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആര്‍ക്കോണം -കാട്പാടി പാസഞ്ചറിന്റെ മൂന്നു ബോഗികള്‍ പാളം തെറ്റി. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണു വിവരം. ചെന്നൈ സെന്‍ട്രലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ ആര്‍ക്കോണത്തിനും കാട്പാടിക്കുമിടയിലുളള ചെറിയ സ്‌റ്റേഷനാണു സിത്തേരി. ചെന്നൈയില്‍ നിന്ന് ആര്‍ക്കോണം-കാട്പാടി വഴിയുള്ള പ്രധാന പാതയിലാണ് അപകടം.

പരമാവധി വേഗതയിലായിരുന്നു ഇലക്ട്രിക് ട്രെയിന്‍ ഓടിയിരുന്നത്. ഇതിലെ ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ട്രെയിന്‍ പാളം തെറ്റിയാലുടന്‍ സിഗ്‌നല്‍ ബ്ലോക്ക് ആകേണ്ടതാണെങ്കിലും അതുണ്ടാകാതിരുന്ന സാഹചര്യത്തില്‍ സിഗ്നല്‍ സംവിധാനത്തിലെ പിഴവും സംശയിക്കുന്നു.

ഇന്നു രാവിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെയാണ് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. കനത്ത മഴ ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിച്ചിരുന്നു. ബോഗികളുടെ വാതിലുകള്‍ തുറക്കാനാകാത്ത സ്ഥിതിയിലായിരുന്നതിനാല്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിക്കേണ്ടി വന്നു. ആര്‍ക്കോണത്തെ ആശുപത്രികള്‍ പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞു. ഗുരുതരമായി പരുക്കേറ്റവരെ കൂടുതല്‍ ചികില്‍സാ സൗകര്യമുള്ള വെല്ലൂരിലേക്കു മാറ്റിയിട്ടുണ്ടെന്നു റയില്‍വേ അറിയിച്ചു. അപകടത്തില്‍പ്പെട്ട ബോഗികളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നും റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ട്. നാവികസേനാ സംഘവും സഹായത്തിനെത്തി. ചെന്നൈയില്‍നിന്നു മുതിര്‍ന്ന റയില്‍വേ ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സംഭവ സ്ഥലത്തേക്കു പോയി.  കേന്ദ്ര റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയും റയില്‍വേ ബോര്‍ഡ് ചെയര്‍മാനും ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരുക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും റയില്‍വേ ധനസഹായം പ്രഖ്യാപിച്ചു.

ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍: 044 25357398, 25347771 (രണ്ടും ചെന്നൈ സെന്‍ട്രല്‍), 09244919572 (സിത്തേരി).

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം