ഡല്‍ഹി ഹൈക്കോടതി സ്‌ഫോടനം: അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്‌

September 15, 2011 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ വെച്ചാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് എന്‍..ഐ.എ കണ്ടെത്തി. കൃത്യത്തില്‍ പങ്കെടുത്ത രണ്ട് തീവ്രവാദികള്‍ക്കായി എന്‍.ഐ.എ തിരച്ചില്‍ തുടരുകയാണ്. ഇതില്‍ ഒരാള്‍ ദക്ഷിണേന്ത്യക്കാരനാണെന്ന് സൂചനയുണ്ട്. കിഷ്ത്വാറിലെ ഒരു സൈബര്‍ കഫേയില്‍ നിന്ന് അയച്ച ഇ മെയിലാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ട് പേരാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇ മെയില്‍ അയച്ചത്. ഇവരുള്‍പ്പടെ ഏഴംഗ സംഘമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് സൂചനകള്‍. ഇ മെയില്‍ അയച്ച രണ്ട് പേരെയും ചോദ്യം ചെയ്ത് വരികയാണ്. 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് സംഘത്തിലെ ശേഷിക്കുന്ന അഞ്ച് പേരും.

സപ്തംബര്‍ അഞ്ചിനാണ് കൃത്യം നടത്തുന്നതിനായി അഞ്ചംഗ സംഘം കാശ്മീരില്‍ നിന്ന് ഡല്‍ഹിക്ക് തിരിച്ചത്. ഇ മെയില്‍ അയച്ച വിദ്യാര്‍ഥികളെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പക്ഷേ കുട്ടികള്‍ നിരപരാധികളാണെന്ന് പറയുന്നു. ഉച്ചയ്ക്ക് 1.14 നാണ് ഇമെയില്‍ അയച്ചതെന്ന് പറയുന്നു. എന്നാല്‍ ഉച്ചയ്ക്ക് 1.40 വരെ വീട്ടുലുണ്ടായിരുന്ന കുട്ടി എങ്ങനെ 1.14ന് ഇമെയില്‍ അയക്കുമെന്ന് കുട്ടിയുടെ ബന്ധുക്കളില്‍ ഒരാള്‍ ചോദിക്കുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി കംപ്യൂട്ടറിലെ സമയം മാറ്റിയതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എന്‍.ഐ.എ സംഘം നടത്തുന്ന ചോദ്യം ചെയ്യലില്‍ ഇതിനുള്ള ഉത്തരം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം