‘വോട്ടിനു കോഴ’ കേസില്‍ അമര്‍ സിങ്ങിന് ഇടക്കാല ജാമ്യം അനുവദിച്ചു

September 15, 2011 ദേശീയം

ന്യൂഡല്‍ഹി: വോട്ടിനു നോട്ട് അഴിമതി കേസില്‍ അറസ്റ്റിലായ രാജ്യസഭാ എംപി അമര്‍ സിങ്ങിന്  തിങ്കളാഴ്ച വരെയാണു ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചു ജാമ്യം അനുവദിക്കണമെന്ന അമര്‍സിങ്ങിന്റെ അപേക്ഷ പരിഗണിച്ചാണു ഡല്‍ഹിയിലെ തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്. ഈമാസം 12മുതല്‍ അമര്‍ സിങ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സിംഗപ്പൂരില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ താന്‍ പൂര്‍ണസമയം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് അമര്‍ കോടതിയെ അറിയിച്ചിരുന്നു. ഉത്കണ്ഠ, അസ്വസ്ഥത എന്നിവയ്ക്ക് അമര്‍സിങ്ങിന് മനഃശാസ്ത്ര പരിശോധന ആവശ്യമുണ്ടെന്ന്് എയിംസ് പ്രത്യേക കോടതി ജഡ്ജി സംഗീത ധിന്‍ഗ്രയ്ക്കു നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു 2009ല്‍ വിധേയനായ അമര്‍ സിങ്ങിനു പലതരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും  രക്തത്തില്‍ ക്രിയാറ്റിന്‍ അളവു കൂടുതലാണെന്നും ഹൃദയമിടിപ്പ് സാധാരണയിലും അധികമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൂടാതെ ഛര്‍ദി, വയറിളക്കം, മൂത്രാശയ രോഗം, പ്രമേഹം എന്നിവയും ഉണ്ട്. ഇതെല്ലാം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ചികില്‍സ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി ആവശ്യപ്പെട്ടതനുസരിച്ചാണു മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം