രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി

September 16, 2011 ദേശീയം

ന്യൂഡല്‍ഹി: ഭീകരാക്രമണം തടയണമെങ്കില്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍   കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. മുംബൈ,ഡല്‍ഹി സ്‌ഫോടനങ്ങള്‍ ദേശീയ സുരക്ഷയ്ക്ക് ഭീകരര്‍ ഉയര്‍ത്തുന്ന വെല്ലുവിളി കുറച്ചൊന്നുമല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ താഴേത്തട്ടിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്   കഴിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെ   നേരിടുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഇടതുഭീകരവാദം രാജ്യത്തു വ്യാപകമാണ്. ഇതുമൂലം ഒട്ടേറെ നിരപരാധികളുടെയും പൊലീസുകാരുടെയും ജീവന്‍ പൊലിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തേക്കു നുഴഞ്ഞുകയറാന്‍ അതിര്‍ത്തിക്കപ്പുറം ക്യാംപുകളില്‍ ഭീകരര്‍ തക്കംപാര്‍ത്തിരിക്കയാണെന്ന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. കാശ്മീരില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം