എല്ലാ മതങ്ങളും പ്രഘോഷിക്കുന്നത്‌ സഹോദര്യവും സമാധാനവും

August 13, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ഭരണങ്ങാനം: എല്ലാ മതങ്ങളും സാഹോദര്യവും സമാധാനവുമാണു പ്രഘോഷിക്കുന്നതെന്നു തിരിച്ചറിയണമെന്ന്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍. വ്യാഴാഴ്‌ച വിശുദ്ധ അല്‍ഫോന്‍സ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.
സമൂഹത്തില്‍ സ്വാര്‍ഥചിന്ത വളര്‍ന്നുവരുന്ന കാലഘട്ടത്തിലാണു നമ്മള്‍ ജീവിക്കുന്നത്‌. ഇന്ത്യ മതങ്ങളുടെ നാടാണ്‌. വിവിധവും അസംഖ്യവുമായ മതങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കുക മാത്രമല്ല, അവയെ ഉള്‍ക്കൊള്ളുക കൂടി ചെയ്യുമ്പോഴാണ്‌ ഇന്ത്യ ഇന്ത്യയാകുന്നത്‌. ഇവിടെ പിറന്ന മതങ്ങളും ഇവിടേക്കു വന്ന മതങ്ങളും രാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയുടെ ജീവിതത്തെ സമ്പന്നമാക്കുകയാണു ചെയ്‌തത്‌.
മുപ്പത്തിയാറു വര്‍ഷത്തെ ലളിതജീവിതം കൊണ്‌ടു വലിയ ആധ്യാത്മിക സാക്ഷാല്‍ക്കാരം നിര്‍വഹിച്ച വിശുദ്ധയാണ്‌ അല്‍ഫോന്‍സാമ്മ. മുഖത്തു മാത്രമല്ല, അല്‍ഫോന്‍സാമ്മയുടെ ഹൃദയത്തിലും നിറഞ്ഞിരുന്നതു വിഷാദമായിരുന്നു. ഇന്ത്യയുടെ ആദ്യ വിശുദ്ധയുടെ സന്നിധിയിലെത്താന്‍, ഇന്ത്യയുടെ ആദ്യ വനിതാ രാഷ്‌ട്രപതിയായ തനിക്കു കഴിഞ്ഞതില്‍ അഭിമാനമുണെ്‌ടന്ന്‌ രാഷ്‌ട്രപതി പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്‌ടി, ജോസ്‌ കെ. മാണി എംപി തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം