പെട്രോള്‍ ലിറ്ററിന് 70 രൂപയായി

September 16, 2011 ദേശീയം

ന്യൂഡല്‍ഹി: പെട്രോള്‍വില വീണ്ടും കൂട്ടി. ലിറ്ററിന് മൂന്നുരൂപ 14 പൈസയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ ലിറ്ററിന് 69.26 രൂപ മുതല്‍ 69.91 രൂപ വരെ ആകും. കേരളത്തിലെ പെട്രോള്‍വില ഇപ്പോള്‍ 65.95 മുതല്‍ 66.59 വരെ രൂപയാണ്. ശരാശരി വര്‍ധന 3.32 രൂപ മുതല്‍ 3.33 രൂപ വരെയാണ്.

പാചകവാതക സബ്‌സിഡി കുറയ്ക്കുന്ന കാര്യം ഇന്നു ചേരുന്ന മന്ത്രിസഭാ ഉപസമിതി ചര്‍ച്ചചെയ്യും. ഉപസമിതിയോഗം ബഹിഷ്‌കരിക്കാന്‍ ഡിഎംകെയും തൃണമൂലും തീരുമാനിച്ചിട്ടുണ്ട്. ഒരു കുടുംബത്തിനു പ്രതിവര്‍ഷം നിശ്ചിതസംഖ്യ സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കിലും ശേഷം സബ്‌സിഡി ഇല്ലാതെയും നല്കുക എന്ന നിര്‍ദേശമാണ് മന്ത്രിസഭാസമിതി ഇന്നു ചര്‍ച്ചചെയ്തു തീരുമാനിക്കുന്നത്. നാലുമുതല്‍ ആറുവരെ സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ നല്കാനാണ് ശിപാര്‍ശ. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഇപ്പോഴത്തെ നിലയ്ക്ക് 710 രൂപ വില വരും.

പെട്രോള്‍ വിലവര്‍ധന ചര്‍ച്ചചെയ്യാന്‍ എണ്ണക്കമ്പനി മോധാവികള്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനമുണ്ടായത്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ വില ഇടിഞ്ഞതിനെത്തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. ഇന്നലെ ഡോളറിനു 48 രൂപയായി. കഴിഞ്ഞമാസം 45 രൂപ യില്‍ താഴെയായിരുന്നു.

നാലുമാസത്തിനിടെ നാലാം തവണയാണു പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. വില നിയന്ത്രണാധികാരം സര്‍ക്കാര്‍ എടുത്തുമാറ്റിയതോടെ കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഒന്‍പതു തവണയാണ് കമ്പനികള്‍ പെട്രോള്‍വില വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 2.61 രൂപ നഷ്ടം കണക്കാക്കിയാല്‍ ഒരുദിവസം 15 കോടിയുടെ നഷ്ടം ഉണ്ടാകുന്നുവെന്ന എണ്ണക്കമ്പനികളുടെ വാദം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതിക്കു ചെലവേറിയതാണു വിലവര്‍ധനയെക്കുറിച്ച് ആലോചിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. വില വര്‍ധന ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഢിയെ കണ്ടിരുന്നു. രൂപയുടെ മൂല്യം കുറയുന്നത് ഇവര്‍ മന്ത്രിയെ അറിയിച്ചു.

വ്യോമ ഇന്ധനവിലയും വര്‍ധിപ്പിച്ചു. 2.5 ശതമാനം വിലവര്‍ധന വാണ് വരുത്തിയിട്ടുള്ളതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഇതോടെ വിമാനയാത്രക്കൂലിയിലും മാറ്റം വന്നേക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം