ഗുരുവായൂരില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്രം

September 18, 2011 കേരളം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയെന്നു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയെ ദുര്‍ബലപ്പെടുത്താനായി ഭീകരവാദികള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി തയാറാക്കിയ തകര്‍ക്കേണ്ട ദേവാലയങ്ങളുടെ പട്ടികയില്‍ ഗുരുവായൂര്‍ ക്ഷേത്രവും ഉണ്ടെന്നു വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്. രാജ്യാന്തര ഭീകരര്‍ ലക്ഷ്യമിടുന്നുണ്ടെന്നു വ്യക്തമായതോടെ കനത്ത സുരക്ഷ ഉറപ്പാക്കണമെന്നു ചീഫ് സെക്രട്ടറിയോടു നിര്‍ദേശിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നതിന്റെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്രത്തില്‍ നിലവിലുള്ള സുരക്ഷാ സംവിധാനത്തിലെ വന്‍ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായി പരിഗണിക്കപ്പെടേണ്ട ക്ഷേത്രത്തിനകത്തു പരിശോധന കൂടാതെ ആര്‍ക്കും കയറാവുന്ന അവസ്ഥയാണ്. ജീവനക്കാരനാണെന്ന മട്ടില്‍ ആര്‍ക്കും അകത്തു കടക്കാനാവും.

ക്ഷേത്രക്കുളം വഴി ആര്‍ക്കും കയറിവരാവുന്നതേ ഉള്ളുവെന്നും വഴിപാടു കൗണ്ടറുകളും ഊട്ടുപുരയും പുറത്തേക്കു മാറ്റി സുരക്ഷ ഉറപ്പാക്കണമെന്നും പറയുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റര്‍ പ്രദേശം ഉടന്‍ ഏറ്റെടുക്കണം. അതിനു പുറത്തുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍നിന്നു ശ്രീകോവില്‍, കൊടിമരം തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ നേരിട്ടു കാണാവുന്ന അവസ്ഥ ഉണ്ടാകരുതെന്നും ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉടന്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

സ്‌ഫോടനം നടത്തിയ പല സ്ഥലത്തും അടുക്കളവഴിയും മറ്റുമാണു സ്‌ഫോടക വസ്തുക്കള്‍ അകത്തു കയറ്റിയത് എന്നത് ഇവിടത്തെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. വിഐപികള്‍ വരുമ്പോള്‍പോലും പരിശോധിക്കണമെന്നും കൂടെ വരുന്നവരുടെ വിവരം രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചോറൂണ്‍, വിവാഹം തുടങ്ങിയ വഴിപാടുകളുടെ പേരില്‍ ഭക്തര്‍ കൂട്ടംകൂടി നില്‍ക്കുന്നതും വലിയ വീഴ്ചയാണ്. ക്ഷേത്രത്തിനകത്തെ ഓരോ ഇഞ്ചും കനത്ത നിരീക്ഷണത്തിനു വിധേയമാക്കണം. ഇതിനായി ക്യാമറകള്‍ സ്ഥാപിക്കണം. ഇപ്പോള്‍ നടത്തുന്ന പരിശോധനയില്‍ ലോഹവസ്തുക്കള്‍ കടത്തിക്കൊണ്ടുപോകുന്നതു മാത്രമേ കണ്ടെത്താനാകൂ. സ്‌ഫോടക വസ്തുക്കള്‍ ക്ഷേത്രത്തിനകത്തു കടത്താന്‍ പ്രയാസമില്ല. ദേഹപരിശോധന തികച്ചും അപര്യാപ്തമാണെന്നും ഇതിനു വിമാനത്താവളത്തിലേതുപോലെ മികച്ച സംവിധാനം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വഴിപാടു സാധനങ്ങള്‍ എന്ന പേരിലും അകത്തേക്കുള്ള സാധനങ്ങള്‍ എന്ന പേരിലും ക്ഷേത്രത്തിനകത്തേക്കു കൊണ്ടുപോകുന്ന വസ്തുക്കള്‍ ഇപ്പോള്‍ പരിശോധിക്കുന്നില്ല. ഇതു വന്‍ വീഴ്ചയാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തിനു മാത്രമായി പ്രത്യേക സുരക്ഷാ സേന ഉണ്ടാക്കണമെന്നും അത്യാഹിതമുണ്ടായാല്‍ ജനത്തെ എവിടേക്ക് ഒഴിപ്പിക്കും എന്നു കണ്ടെത്തി അതിന്റെ പരിശീലനം നടത്തണമെന്നുമാണു മറ്റൊരു നിര്‍ദേശം. ക്ഷേത്രത്തിന്റെ പുറത്ത് എല്ലാ പ്രവേശന കവാടത്തിലും യന്ത്രത്തോക്കുധാരികള്‍ ഉണ്ടായിരിക്കണം. ഏതു നിമിഷവും എത്തിച്ചേരാവുന്ന തരത്തില്‍ പ്രത്യേക സേനയും വേണം. ദേഹപരിശോധന ക്ഷേത്ര പ്രവേശനത്തിനു തൊട്ടുമുന്‍പു നടത്തുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

100 മീറ്റര്‍ അകലെയെങ്കിലും പരിശോധന നടത്തുകയും പിന്നീട് ക്യൂവിലേക്കു കടക്കാനോ മറ്റാരെങ്കിലുമായി ബന്ധപ്പെടാനോ അനുവദിക്കരുതെന്നുമാണു നിര്‍ദേശം. ക്ഷേത്രത്തിനു പുറത്തുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാത്രി ആളുകള്‍ കിടക്കുന്നതു തടയണം. ദേഹപരിശോധനയ്ക്കായി പ്രത്യേക പരിശീലനം നേടിയ സംഘം വേണമെന്നും ഇതിനു മാത്രമായി ദേവസ്വം സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം