; കേരളത്തില് മുതല് മുടക്കാന് തയാറെന്ന് ഫൊക്കാന

August 13, 2010 കേരളം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

നെടുമ്പാശേരി: അമേരിക്കയിലെ വിവിധ മേഖലകളിലെ ജോലിയില്‍നിന്നും താമസിയാതെ  ഒരു ലക്ഷത്തിലേറെ മലയാളിള്‍ വിരമിക്കുമെന്നും  ഇവരുടെ സമ്പാദ്യവും സേവനവും സംസ്ഥാനത്തിന് ഉപയുക്തമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. രാജ്യാന്തര വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ഇതിനു സഹായകമാകും വിധം നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സന്നദ്ധമാകണം. വിരമിക്കുന്നവര്‍ക്ക് പ്രതിമാസം വന്‍തുകയാണ് പെന്‍ഷനായി ലഭിക്കുക. നാട്ടിലെ അക്കൗണ്ടിലേക്ക് ഈ പണമെത്തുമെന്നതിനാല്‍ നിരവധി പേര്‍ അമേരിക്കന്‍ പൗരത്വമുപേഷിച്ച് നാട്ടിലേക്ക് വരാന്‍ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ അമേരിക്കയില്‍ കഴിയുന്ന പല മലയാളികള്‍ക്കും അത്യാവശ്യഘട്ടങ്ങളില്‍ നാട്ടിലെത്താന്‍ നിലവിലെ വിസാ നിയന്ത്രണം തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാവണം. സ്മാര്‍ട്ട് സിറ്റിയുള്‍പ്പെടെ സംസ്ഥാനത്തെ ഏത് പദ്ധതികളോടും സഹകരിക്കാന്‍ ഫൊക്കാന സന്നദ്ധമാണ്. സംസ്ഥാനത്തെ ദേശീയപാതാ വികസന കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ ശക്തമായ എതിര്‍പ്പുണ്ട്. റോഡുവികസനത്തിന് കുടിയൊഴിയുന്നവര്‍ക്ക് മതിയായ പുനരധിവാസമുള്‍പ്പെടെ സഹായങ്ങള്‍ നല്‍കി എല്ലാവരുടെയും പിന്തുണയോടെ റോഡുവികസനം നടപ്പാക്കിയേ പറ്റൂ.
അമേരിക്കയില്‍ നഴ്‌സുമാരായി ഇപ്പോള്‍ തന്നെ വളരെയേറെ മലയാളികളുണ്ട്. റിക്രൂട്ട്‌മെന്റ് ക്വോട്ട  നേരത്തേ  കൂടുതല്‍    അനുവദിക്കപ്പെട്ടതിനാലാണ് കേരളത്തിന്  പുതിയ റിക്രൂട്ട്‌മെന്റിന് ബുദ്ധിമുട്ടനുഭവപ്പെടുന്നത്.  കേരളത്തില്‍ വിദ്യാഭ്യാസ-ആരോഗ്യസേവനമേഖലയില്‍ ഫൊക്കാന കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കും. ഈ സഹായങ്ങളും മറ്റും അര്‍ഹരായവരുടെ കരങ്ങളിലേക്കെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫൊക്കാനയോട് ആഭിമുഖ്യമുള്ള പ്രത്യേക സന്നദ്ധസംഘടന സംസ്ഥാനവ്യാപകമായി രൂപവത്കരിക്കുമെന്നും ജി.കെ. പിള്ള പറഞ്ഞു.  പിള്ളക്കും  ഫൊക്കാന ട്രഷറര്‍ ഷാജി കെ. ജോണ്‍, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ക്കും വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. സാജന്‍ വര്‍ഗീസ്, വില്‍സന്‍ കെ.ജോണ്‍, കെ.എസ്. ബാബു, എന്‍.ജി. ജെറോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം