സദ്ഭാവനാദൗത്യം രണ്ടാം ദിവസത്തിലേക്ക്

September 18, 2011 ദേശീയം

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സമാധാനവും സാമുദായികസൗഹാര്‍ദവും ഉറപ്പാക്കാനായി അറുപത്തിയൊന്നാം പിറന്നാളില്‍ ‘സദ്ഭാവനാദൗത്യ’മെന്ന് പേരിട്ട ഉപവാസസമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വകലാശാലാ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമരം നടക്കുന്നത്. വേദിയില്‍ ബി.ജെ.പി.യുടെയും സഖ്യകക്ഷികളുടെയും നേതാക്കളും സന്നിഹിതരായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്താപമൊന്നുമല്ല തന്നെ ഇത്തരമൊരു സമരത്തിന് പ്രേരിപ്പിക്കുന്നതെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുപകരം സാഹോദര്യത്തിന്റെ രാഷ്ട്രീയമാണ് സമരത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മാനവികതയുടെ അളവുകോലുകളില്‍ ഗുജറാത്ത് താഴെപ്പോകാതിരിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്നും മോഡി പറഞ്ഞു.

സബര്‍മതി ആശ്രമത്തിനു മുന്നിലുള്ള നടപ്പാതയില്‍ പാര്‍ട്ടിനേതാക്കളായ ശങ്കര്‍സിങ് വഗേലയും അര്‍ജുന്‍ മോദ്‌വാഡിയയും മൂന്നുദിവസത്തെ നിരാഹാരം ആരംഭിച്ചിട്ടുണ്ട്.

ഗുല്‍ബര്‍ഗ തീവെപ്പു കേസുമായി ബന്ധപ്പെട്ട് മോഡിക്കെതിരെ ഉത്തരവിറക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതും അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ‘മോഡി’ ഭരണത്തെ വാഴ്ത്തിയതും സൃഷ്ടിച്ച തിളക്കത്തിലാണ് വേദി. മോഡിക്ക് ആശംസകളര്‍പ്പിച്ചും സമരത്തെ പിന്തുണച്ചും എന്‍.ഡി.എ. നേതാക്കളും അനുകൂലികളും രംഗത്തെത്തി.

വേദിയില്‍ എന്‍.ഡി.എ.യുടെ പ്രമുഖര്‍ അണിനിരന്നു. ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനി, രാജ്‌നാഥ്‌സിങ്, അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ്, മുക്താര്‍ അബ്ബാസ് നഖ്‌വി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, എ.ഐ.എ.ഡി.എം.കെ. നേതാക്കളായ എം. തമ്പിദുരൈ, വി. മൈത്രേയന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എന്നാല്‍ സഖ്യകക്ഷിയായ ജെ. ഡിയുവിന്റെ പ്രതിനിധികളാരും എത്താത്തത് ശ്രദ്ധിക്കപ്പെട്ടു.

ഗുജറാത്തിനെ മോഡി വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിച്ചൂവെന്ന് അദ്വാനി പറഞ്ഞു. ഭീകരതയ്‌ക്കെതിരെയും അഴിമതിക്കെതിരെയും മോഡി സ്വീകരിച്ച സന്ധിയില്ലാ നിലപാടുകള്‍ രാജ്യവും കൈക്കൊണ്ടാല്‍ ഇന്ത്യ ആഗോളതലത്തില്‍ പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത മോഡിക്ക് ആശംസകളര്‍പ്പിച്ചു. ഭരണത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ ഇന്ത്യ മുഴുവന്‍ നോക്കുന്നത് മോഡിയിലേക്കാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി പി.കെ.ബാദല്‍ പറഞ്ഞു. പ്രസംഗങ്ങളുടെ ഇടവേളയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന മുസ്‌ലിം പ്രതിനിധിസംഘം വേദിയിലെത്തി മോഡിക്ക് ആശംസകളര്‍പ്പിച്ചു. സദസ്സില്‍ ക്രിസ്ത്യന്‍, സിഖ് സമുദായക്കാരുടെ സംഘങ്ങളുമുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം