കാറ്റാടി കമ്പനി കൈയേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും

September 20, 2011 കേരളം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി കൈയേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ആദിവാസികള്‍ക്ക് പതിച്ച് നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പട്ടയം ഉള്‍പ്പടെയുള്ള രേഖകളും അവര്‍ക്ക് കൈമാറും. ആദിവാസികളുടെ 85.21 ഏക്കര്‍ ഭൂമിയാണ് സുസ് ലോണ്‍ കൈയേറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്‌.
ഭൂമി ആദിവാസികള്‍ക്ക് നഷ്ടപ്പെടുത്തി കൈയേറ്റത്തിന് അവസരമൊരുക്കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണം തുടരും. ഭൂമിയില്‍ രണ്ട് സര്‍വെ നമ്പറുകളിലായി സ്ഥാപിച്ചിരിക്കുന്ന  കാറ്റാടി യന്ത്രങ്ങളും ഏറ്റെടുക്കും. ആദിവാസികളുടെ താത്പര്യപ്രകാരം ഈ യന്ത്രങ്ങള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. കാറ്റാടി യന്ത്രം കെ.എസ്.ഇ.ബിയെ ഏല്‍പിച്ച് അതിന്റെ ലാഭവിഹിതം ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് നനല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്‌. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ക്ഷേത്രത്തിന്റെ തന്നെയാണെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി  പറഞ്ഞു.  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വിജിലന്‍സ് ആയി ജി ശശിധരന്‍ നായരെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം