റോഡരികിലെ പൊതുയോഗം: റിവ്യു ഹര്ജി തള്ളി

August 13, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: പൊതുനിരത്തില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജി ഹൈക്കോടതി തള്ളി. വിധിയില്‍ യാതൊരുവിധ അപാകതയുമില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.
ആലുവ റെയില്‍വേസ്റ്റേഷനിലെ പൊതുയോഗം നടത്തുന്നത്‌ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയിന്മേലാണ്‌ ജസ്റ്റീസ്‌ സി.എന്‍.രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള ബഞ്ച്‌ പൊതുയോഗം നിരോധിച്ചു കൊണ്ട്‌ ഉത്തരവിട്ടത്‌. റോഡരുകില്‍ പൊതുയോഗം നടത്തണമെന്ന ആവശ്യം വിചിത്രമാണെന്നും കോടതി നിരീക്ഷിച്ചു.

പൊതുനിരത്തുകളില്‍ പൊതുയോഗം നിരോധിച്ച വിധിയില്‍ യാതൊരു വിധ അപാകതകളും ഇല്ലെന്നും, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്താന്‍ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. റോഡ് ഗതാഗതം തടസ്സപ്പെടുത്തി പൊതുയോഗം സംഘടിപ്പിക്കുന്നത് മൗലികാവകാശമല്ല. റോഡ് വാഹന ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കുമുള്ളതാണ്. അത് തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രകടനവും പൊതുയോഗങ്ങളും അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ പ്രതിനിധികളോ ഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്താറില്ലെന്ന് കോടതി ഓര്‍മ്മിച്ചിച്ചു.
നിലവിലുള്ള എല്ലാ നിയമങ്ങളും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയുള്ള പ്രകടനങ്ങള്‍ക്കെതിരാണ്. ഈ ഉത്തരവിലൂടെ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കി. പൊതുയോഗം നിരോധിച്ച ഹൈക്കോടതി ഉത്തരവ്‌ സിപി.എമ്മും കോടതിയും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക്‌ ചെന്നെത്തിയിരുന്നു. വിധി പുറപ്പെടുവിച്ച ന്യായാധിപന്മാര്‍ക്കെതിരെ സി.പി.എം നേതാക്കള്‍ രൂക്ഷ വിമര്‍ശനം അഴിച്ചു വിടുകയും ചെയ്തിരുന്നു.
പിന്നീട്‌ വിധി പുനപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവ്യു ഹര്‍ജി നല്‍കി. റിവ്യൂ‍ ഹര്‍ജി വാദം കേള്‍ക്കുന്ന ബഞ്ചില്‍ ജസ്റ്റീസ്‌ രാമചന്ദ്രന്‍ നായരെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചെങ്കിലും രണ്ടു ഹര്‍ജികളും ഹൈക്കോടതി തള്ളിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം