സി. അച്യുതന്‍ അന്തരിച്ചു

September 21, 2011 കേരളം

കൊച്ചി: കമ്പനി, ഓഹരിവിപണി നിയമ വിദഗ്ധനും സെക്യൂരിറ്റീസ് അപ്‌ലറ്റ് ട്രൈബ്യൂണല്‍ (എസ്എടി) പ്രഥമ പ്രിസൈഡിങ് ഓഫിസറും ആയ സി. അച്യുതന്‍ (69) അന്തരിച്ചു. ശബരിമലയില്‍ ദര്‍ശനത്തിനു കാത്തുനില്‍ക്കെ, ഹൃദയാഘാതം മൂലം സന്നിധാനത്തു വച്ചായിരുന്നു മരണം.

സംസ്‌കാരം ഇന്നു രണ്ടിന് മുംബൈയ്ക്കടുത്തു താനെയിലെ ശ്മശാനത്തില്‍.തിങ്കളാഴ്ച ഉച്ചതിരിഞ്ഞു മൂന്നു മണിയോടെ സന്നിധാനത്തെ നടപ്പന്തലില്‍വച്ചു നെഞ്ചുവേദന അനുഭവപ്പെട്ട സി. അച്യുതനെ ഡോളിയില്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും 3.10നു മരിച്ചു. മൂത്ത മകന്‍ അനൂപ് ഒപ്പമുണ്ടായിരുന്നു. മുംബൈയില്‍ നിന്ന് 21 അംഗ സംഘത്തോടൊപ്പമായിരുന്നു അച്യുതന്‍ എത്തിയത്.   ഇന്നലെ കൊച്ചിയിലെത്തിച്ച് എംബാം ചെയ്തശേഷം വൈകിട്ടു നാലു മണിയോടെ വിമാനമാര്‍ഗം മുംബൈയിലേക്കു കൊണ്ടുപോയി.

ഇന്നു രാവിലെ താനെ ഗോദ്പുന്ദര്‍റോഡ് ഗ്രീന്‍വുഡ് എസ്‌റ്റേറ്റിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.തൃശൂര്‍ അന്നകര പുതിയേടത്ത് കുടുംബാംഗം വാസന്തിയാണു ഭാര്യ. മക്കള്‍: അനൂപ് അച്യുതന്‍ (മാനേജര്‍, എച്ച്ഡിഎഫ്‌സി, മുംബൈ), അജയ് അച്യുതന്‍ (പാര്‍ട്ണര്‍, കോര്‍പറേറ്റ് ലോ ചേംബേഴ്‌സ്, മുംബൈ). മരുമക്കള്‍: വിജി, രാജി.മലപ്പുറം ജില്ലയിലെ തിരുനാവായയ്ക്കടുത്ത് ആതവനാട് ചക്കച്ചാട്ടില്‍ കുടുംബാംഗമാണ്.

നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്,  ബിഎന്‍പി പാരിബ എന്നിവയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗമാണ്. മുംബൈയില്‍ കോര്‍പറേറ്റ് ലോ ചേംബേഴ്‌സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.കമ്പനി ഏറ്റെടുക്കല്‍ നിയമം പരിഷ്‌കരിക്കാനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രൂപീകരിച്ച ടേക് ഓവര്‍ റഗുലേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.സത്യം കംപ്യൂട്ടേഴ്‌സിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിലേക്കു കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ പാനലില്‍ അംഗമായിരുന്നു.

സെബി ബോര്‍ഡിലും അംഗമായിരുന്നു. നിയമ ബിരുദത്തിനു ശേഷം  ഇന്ത്യന്‍ ലീഗല്‍ സര്‍വീസില്‍ ചേര്‍ന്നു. അച്യുതന്റെ ശ്രമഫലമായാണു സര്‍ക്കാര്‍ 2002ല്‍ നിയമപരമായി ശിക്ഷാനടപടികള്‍ എടുക്കാനുള്ള അധികാരം സെബിക്കു നല്‍കിയത്.കമ്പനി ലോ ബോര്‍ഡില്‍  പ്രവര്‍ത്തിച്ചശേഷം 1997ല്‍ ആണ് സി. അച്യുതന്‍  എസ്എടിയുടെ  പ്രഥമ പ്രിസൈഡിങ് ഓഫിസറായത്. 2003 വരെ എസ്എടിയുടെ ഏക പ്രിസൈഡിങ് ഓഫിസറും അദ്ദേഹമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം