പാമൊലിന്‍ കേസ്: വിജിലന്‍സ് ജഡ്ജി പിന്മാറി

September 24, 2011 കേരളം

പി.കെ.ഹനീഫ

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫ പിന്മാറിയതായി അറിയിച്ചു. വ്യക്തിപരമായ ആക്ഷേപങ്ങള്‍ മൂലമാണ് കേസില്‍ നിന്നു പിന്മാറുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതായി അദ്ദേഹം അറിയിച്ചു. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ മുതല്‍ ഹനീഫയ്‌ക്കെതിരെ ഒട്ടേറെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. വിധിക്കെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രാഷ്ട്രപതിക്കു പരാതി അയച്ചതും വിവാദമായിരുന്നു.

നിയമപരമായ കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണു താന്‍ വിധി പ്രസ്താവിച്ചതെന്നും കേസ് മറ്റേതെങ്കിലും കോടതിയിലേക്കു മാറ്റണമെന്നും   ഹനീഫ ആവശ്യപ്പെട്ടു.

ഇന്നു കേസ് വിളിച്ചപ്പോള്‍ തന്നെ താന്‍ പിന്‍മാറുകയാണെന്നു ഹനീഫ അറിയിക്കുകയായിരുന്നു. കേസിലെ എല്ലാ കക്ഷികള്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ടു നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കേസ് നവംബര്‍ 30നു പരിഗണിക്കാനിരിക്കെയാണ് ഇന്നു കോടതി സ്വമേധയാ മുന്‍കൂറായി പരിഗണിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം