ജഡ്ജി പി.കെ.ഹനീഫയെ ആരും അവിശ്വസിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

September 24, 2011 കേരളം

കൊച്ചി: പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി പി.കെ.ഹനീഫയെ താനുള്‍പ്പടെ കേസില്‍പ്പെട്ട ആരും അവിശ്വസിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിലെ പ്രതികളാരും തന്നെ ജഡ്ജിയെ വിമര്‍ശിച്ചിട്ടില്ല. താന്‍ കേസിനെക്കുറിച്ച് പറഞ്ഞത് തനിക്ക് പരാതിയില്ലെന്നാണ്. ജഡ്ജിയ്‌ക്കെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രാഷ്ട്രപതിയ്ക്ക് അയച്ച പരാതിയെക്കുറിച്ചുള്ള തന്റെ നിലപാട് നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്-ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാമോലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫ ശനിയാഴ്ച പിന്‍മാറിയിരുന്നു. വ്യക്തിപരമായ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസില്‍ നിന്ന് പിന്‍മാറുന്നതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.

അതേസമയം പാമോലിന്‍ കേസ് അട്ടിമറിക്കാന്‍ ഭരണക്കാര്‍ ഭീഷണിയും കുപ്രചാരണവും നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. മറ്റുള്ളവരെ ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെ ഉപയോഗിച്ചും ഇപ്പോള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ ഉപയോഗിച്ചുമാണ് കേസുകള്‍ അട്ടിമറിക്കുന്നതെന്നും വി.എസ് തിരുവനന്തപുരത്തു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം