നാസയുടെ ഉപയോഗശൂന്യമായ യുഎആര്‍എസ് ഉപഗ്രഹം ഭൂമിയില്‍ പതിച്ചു

September 24, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഉപയോഗശൂന്യമായ യുഎആര്‍എസ് ഉപഗ്രഹം ഭൂമിയില്‍ പതിച്ചു. ഇന്നു പുലര്‍ച്ചെയാണ് ഉപഗ്രഹം ഭൂമിയില്‍ പതിച്ചത് എന്നു നാസ സ്ഥിരീകരിച്ചു. എന്നാല്‍ ഉപഗ്രഹം പതിച്ച സ്ഥലമോ അവശിഷ്ടങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു ബസിനോളം വലുപ്പവും 20 വര്‍ഷം പഴക്കവുമുള്ള ഈ ഉപഗ്രഹത്തിന് ആറര ടണ്‍ ഭാരമുണ്ട്. 35 അടിയാണ് നീളം.15 അടി വീതിയും. മൂന്നു വര്‍ഷ കാലാവധി കണക്കാക്കിയിരുന്ന ഉപഗ്രഹം 14 വര്‍ഷം പ്രവര്‍ത്തിച്ചു. പുതിയ ഉപഗ്രഹങ്ങള്‍ വന്നതോടെ ഇതു ഉപയോഗശൂന്യമാവുകയായിരുന്നു.

ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ഉപഗ്രഹം കാനഡയ്ക്കും ആഫ്രിക്കയ്ക്കും പുറമേ പസിഫിക്, അറ്റ്‌ലാന്റിക് , ഇന്ത്യന്‍ മഹാസമുദ്രങ്ങള്‍ക്കും   മുകളിലൂടെ കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. ഉപഗ്രഹം അന്തരീക്ഷത്തിലേക്ക് കടന്ന സ്ഥലവും സമയവും സ്ഥിരീകരിക്കാന്‍ നാസാ വിദഗ്ധര്‍ ശ്രമം തുടരുന്നു.

ഭൗമാന്തരീക്ഷത്തിന്റെ മേല്‍ത്തട്ടും  ഓസോണ്‍ പാളിയും കാലാവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം മനസിലാക്കാന്‍ 1991ല്‍ 75 കോടി ഡോളര്‍ മുടക്കി നാസ അയച്ച അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച് സാറ്റലൈറ്റ് (യുഎആര്‍എസ്) ആണ് ഭൂമിയില്‍ പതിച്ചത്. ഇന്ധനം തീര്‍ന്നതോടെ 2005ല്‍ ഇതിന്റെ ആയുസ് തീര്‍ന്നതാണ്. 2005 ഡിസംബറില്‍ ഇതു ഡീകമ്മിഷന്‍ ചെയ്തു. ഈമാസം 15ന് ഇതു ഫ്രാന്‍സിനു മുകളിലായി ബഹിരാകാശത്തിലൂടെ തീപ്പന്തംപോലെ താഴേക്കു പതിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ അസ്‌ട്രോഫൊട്ടോഗ്രഫറായ തിയെരി ലെഗോള്‍ട്ട് ദൂരദര്‍ശിനിയിലൂടെ കണ്ടു വിഡിയോയില്‍ പകര്‍ത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം