നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു

September 25, 2011 രാഷ്ട്രാന്തരീയം

കാഠ്മണ്ഡു: നേപ്പാളില്‍ ചെറുവിമാനം തകര്‍ന്നു വീണ് 19 പേര്‍ മരിച്ചു. മരിച്ചവരില്‍ പത്തുപേര്‍ ഇന്ത്യാക്കാരാണ്. മൂന്നുപേര്‍ വിദേശികളും മൂന്നുപേര്‍ നേപ്പാളികളും മൂന്നുപേര്‍ വിമാന ജീവനക്കാരുമാണ്. കനത്ത മഞ്ഞില്‍ വിമാനം ഇടിച്ചിറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

ലളിത്പ്പൂര്‍ ജില്ലയിലെ കോതണ്ഡ മലയിടുക്കില്‍ രാവിലെ 7.30-നാണ് അപകടം. എവറസ്റ്റ് കൊടുമുടി കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ബുദ്ധ എയറിന്റെ ബീച്ച്ക്രാഫ്റ്റാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.  പങ്കജ് മെഹ്ത, ഛായാ മെഹ്ത, എച്ച്. ഡി നാഗരാജ, എസ് നാഗരാജ, ഐ നാഗരാജ, എല്‍ നാഗരാജ, ഡി ടലോസുബ്ര, ഡി.പി ടലോസുബ്ര, എന്‍ ടലോസുബ്ര, പി ടലോസുബ്ര എന്നിവരാണ് മരിച്ച ഇന്ത്യാക്കാര്‍. തിരിച്ചറിയല്‍ നടപടി തുടരുകയാണ്.

ത്രിഭുവന്‍ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്ന് രാവിലെയാണ് വിമാനം പുറപ്പെട്ടത്. അധികം താമസിക്കാതെ കനത്തമഞ്ഞില്‍പ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കവെയാണ് ദുരന്തമുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം