ശാന്തിഗിരി പര്‍ണശാല സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌മാരകം: രാഷ്‌ട്രപതി

August 13, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ശാന്തിഗിരി:ശാന്തിഗിരിയിലെ പര്‍ണശാല മാനവരാശിക്ക്‌ സ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടെയും സാഹോദര്യത്തിന്റയും സ്‌മാരകമാണെന്ന്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍.സമാധാനത്തിന്റെ പര്‍വതമാണ്‌ ശാന്തിഗിരി.മതത്തിനും ജാതിക്കും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന ദൗത്യത്തിനാണ്‌ നവഒലി കരുണാകരഗുരു തുടക്കം കുറിച്ചത്‌. ആ ദൗത്യം ശാന്തിഗിരി തുടരുകയാണ്‌.മനുഷ്യന്റെ മഹത്വം ആണ്‌ ശാന്തിഗിരിയുടെ ഊന്നലെന്ന്‌ പ്രതിഭാ പാട്ടീല്‍ പറഞ്ഞു.ശാന്തിഗിരി ആശ്രമത്തില്‍ നിര്‍മിച്ച പര്‍ണശാലയുടെ സമര്‍പ്പണം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു രാഷ്‌ട്രപതി.
കരുണാകര ഗുരുവിന്റെ ജീവിതത്തിന്റെ അടിസ്‌ഥാന ധര്‍മങ്ങളായി ചൂണ്‌ടിക്കാട്ടിയ ആതുരസേവനം, ആത്മബോധനം എന്നിവ ലോകത്തിന്‌ അനുഭവവേദ്യമാകാന്‍ ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിയട്ടേയെന്നു രാഷ്‌ട്രപതി ആശംസിച്ചു.ശാന്തിഗിരി ആശ്രമത്തിന്റെ പുണ്യഭൂമിയില്‍ ഗുരുദേവന്റെ പര്‍ണശാല സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്‌ടെന്ന്‌ മലയാളത്തിലാണ്‌ രാഷ്‌ട്രപതി പറഞ്ഞത്‌.
മനുഷ്യവംശത്തോടുള്ള കരുതലും പുരോഗതിയും ആയിരുന്നു കരുണാകരഗുരുവിന്റെ ലക്ഷ്യം. അന്നദാനം,ആതുരസേവനം,ആത്മബോധനം എന്നിവയാണ്‌ ഇതിനായി ഗുരു സ്വീകരിച്ച മാര്‍ഗങ്ങള്‍.ഭക്ഷണം,ആരോഗ്യം,വിദ്യാഭ്യാസം എന്നിവ എല്ലാമനുഷ്യര്‍ക്കും ലഭ്യമാകുക എന്നതായിരുന്നു ഗുരുവിന്റെ ആഗ്രഹം.മാനുഷിക മൂല്യങ്ങളും സമൂഹത്തില്‍ പുലരണമെന്ന്‌ ഗുരു ആഗ്രഹിച്ചു.മനുഷ്യന്റെ അന്തസ്‌ ഉയര്‍ന്നു നില്‍ക്കണം.ലോകം ഒരു കുടുംബം എന്ന സങ്കല്‍പ്പത്തിലേക്ക്‌ എല്ലാ മനുഷ്യരും ഉയരണം.ഇതിനുവേണ്‌ടിയായിരുന്നു ഗുരുവിന്റെ പ്രബോധനം.
ഇന്ന്‌ ലോകം നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു.സമാധാനമില്ലായ്‌മയാണ്‌ പ്രധാന പ്രശ്‌നം.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ ആഗോളതാപനം പരിസ്ഥിതിക്കും മനുഷ്യനും ഭീഷണിയാണ്‌.ആഗോളതാപനം നേരിടുന്നത്‌ ഓരോ വ്യക്തിയും അവരുടെ സംഭാവനകള്‍ നല്‍കണമെന്ന്‌ രാഷ്‌ട്രപതി നിര്‍ദേശിച്ചു. പ്രകൃതി സംരക്ഷണം,പരിസ്ഥിതി സന്തുലനം എന്നിവയിലും ശാന്തിഗിരി മാതൃകയാണ്‌.ദയ,സഹാനുഭൂതി,മനുഷ്യപുരോഗതി എന്നിവ കൈവരിക്കാന്‍ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സഹായിക്കുമെന്ന്‌ രാഷ്‌ട്രപതി പറഞ്ഞു.
ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായി അധ്യക്ഷതവഹിച്ചു.മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍,ശശി തരൂര്‍ എംപി,കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല,സംസ്ഥാന സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.എ.സമ്പത്ത്‌ എം.പി,ജെ.അരുന്ധതി എന്നിവര്‍ സന്നിഹിതരായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍