നീലംപേരൂരില്‍ നാളെ പൂരം മഹോത്സവം

September 25, 2011 ക്ഷേത്രവിശേഷങ്ങള്‍

ചങ്ങനാശേരി: നീലംപേരൂര്‍ ഗ്രാമത്തിലെ പളളി ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് മകം പടയണി. നാളെ പൂരം പടയണി. പൂരം പടയണി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമവാസികള്‍. ഒരു ഗ്രാമത്തിന്റെ ഭക്തിയും വിശ്വാസവും സംസ്‌കാരവും സമന്വയിക്കുന്ന പൂരം പടയണിക്കുളള അവസാനവട്ട ഒരുക്കത്തിലാണ് ഗ്രാമീണരെല്ലാം. ദിവസങ്ങള്‍നീണ്ടു  നിന്ന അധ്വാനത്തിന്റെയും സാംസ്‌കാരിക ഭാവനയുടെയും സമന്വയംകൂടിയാണ് പൂരംപടയണി.

പൂരം നാളില്‍ പിറന്ന ഭഗവതിക്ക് പിറന്നാള്‍ സമ്മാനമായി പുത്തന്‍ അന്നങ്ങളും കോലങ്ങളും കുടംപൂജകളിയും തോത്താകളിയും സമര്‍പ്പിച്ച് വിശ്വാസികള്‍ സായൂജ്യം നേടുന്ന മുഹൂര്‍ത്തമാണിത്. കേരളം വാണിരുന്ന ചേരമാന്‍ പെരുമാളിന്റെ കാലത്തോളം പഴക്കമുളളതാണ് പൂരത്തിന്റെ ചരിത്രമെന്നാണ് സങ്കല്പം. ചേരമാന്‍ പെരുമാള്‍ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ നീലംപേരൂരില്‍ താമസിച്ചിരുന്നതായാണ് ഐതിഹ്യം.

1700 വര്‍ഷത്തെ ചരിത്രമാണ് പൂരം പടയണിക്കുള്ളതെന്നാണു വിശ്വാസം. ചേരമാന്‍ പെരുമാളിന്റെ കൊട്ടാരവും ക്ഷേത്രത്തിന് സമീപമുണ്ട ്. മൂന്ന് വലിയന്നങ്ങളും 90 ചെറിയന്നങ്ങളുമാണ് ഇപ്രാവശ്യം തയാറാകുന്നത്. പുതിയതായി മഹാബലി, വാമനന്‍, എന്നിവ കൂടാതെ കൂര്‍മാവതാര(ആമ)വും തയാറാകുന്നുണ്ട്. ഭീമസേനന്‍, നാഗയക്ഷി, രാവണന്‍, കിരാതം, സന്താന ഗോപാലം, സിംഹം എന്നീ കോലങ്ങളും ഒരുങ്ങുന്നുണ്ട്. ആനയുടെ കോലവും തയാറായി വരുന്നു.

മകം ദിനമായ ഇന്ന് രണ്ട ന്നങ്ങളും അടിയന്തിരക്കോലമായ അമ്പലക്കോട്ടയും എഴുന്നെള്ളിക്കും. കൂവയിലകൊണ്ട ് രണ്ട ് വേലപ്പിള്ളേരെയുണ്ട ാക്കി താളാത്മകമായി അരങ്ങേറുന്ന വേലകളിയും മകം പടയണിയണി ദിനത്തിന്റെ പ്രത്യേകതയാണ്. പൂരം ദിനത്തില്‍ ദേവീ വാഹനമായ സിംഹത്തെ എഴുന്നെളളിക്കും. തടി, ചെത്തിപ്പൂവ്, താമര ഇല, വാഴക്കച്ചി, വാഴപ്പോള, വിശറിപ്പനയുടെ തണ്ട്  നനച്ചു കീറിയ നാര്, കുരുത്തോല തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ചാണ് പടയണിക്കുളള പുത്തന്‍ അന്നങ്ങളും കോലങ്ങളും ഒരുക്കുന്നത്. ഇന്നലെ രാത്രി പിശാചുകോലത്തെയും എഴുന്നളളിച്ചു. ഇന്ന് രാത്രി 7.30ന് ചിറമ്പുകുത്തും കോലങ്ങളുടെ നിറപണിയും ആരംഭിക്കും. 11ന് ദേവീപ്രീതിക്കായി കുടംപൂജകളിയും തോത്താകളിയും വേലകളിയും നടക്കും. 12.30ന് ചിറമ്പുകുത്ത് തുടരും.

പൂരംനാള്‍ ദിനമായ നാളെ പുലര്‍ച്ചെ 4.30ന് അഷ്ടാഭിഷേകം. വൈകുന്നേരം 6.30ന് ദീപാരാധന. രാത്രി എട്ടിന് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിക്കല്‍. പത്തിന് കുടംപൂജകളി. 10.30ന് ദേവസ്വം പ്രസിഡന്റ് ജയചന്ദ്രന്‍ പിളളയുടെ നേതൃത്വത്തില്‍ അനുവാദം വാങ്ങലിനെത്തുടര്‍ന്ന് തോത്താകളി. 11ന് ദേവീപ്രീതിക്കായി പുത്തനന്നങ്ങളെ നടയില്‍ സമര്‍പ്പിക്കും. അരിയും തിരിയും വെക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. ചെണ്ട മേളവും വെടിക്കെട്ടും ചടങ്ങിന് ആഘോഷം പകരും.പടയണി ആശാന്മാരായിരുന്ന മഠത്തില്‍ കൃഷ്ണപിള്ളയും വില്യാടത്തില്‍ ഗോപിനാഥന്‍ നയരും നിര്യാതരായതിനെത്തുടര്‍ന്ന് പുതിയ തലമുറക്കാരാണ് പടയണിക്കായി അന്നങ്ങളെയും കോലങ്ങളും ഒരുക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍