നവരാത്രി വിഗ്രഹങ്ങള്‍ പദ്മനാഭപുരത്ത് നിന്ന് യാത്ര തിരിച്ചു

September 25, 2011 കേരളം

നെയ്യാറ്റിന്‍കര: നവരാത്രി വിഗ്രഹങ്ങള്‍ പത്മനാഭപുരത്ത് നിന്ന് യാത്ര തിരിച്ചു. കളിയിക്കാവിളയില്‍ ഇന്ന് രാവിലെ ഊഷ്മളമായ വരവേല്‍പ്പ്. ഇന്നലെ രാവിലെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ മഹാരാജാവിന്റെ ഉടവാള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ കന്യാകുമാരി ദേവസ്വം കമ്മീഷണര്‍ ജ്ഞാനശേഖരനെ ഏല്‍പ്പിച്ചു. അദ്ദേഹം രാജപ്രതിനിധിക്കു വാള്‍ കൈമാറി. പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്നും സരസ്വതിദേവിയും വേളിമലയില്‍ നിന്നും കുമാരസ്വാമിയും ശുചീന്ദ്രത്തുനിന്നും മുന്നൂറ്റിനങ്കയുമാണ് തിരുവനന്തപുരത്തെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എഴുന്നള്ളുന്നത്. വിഗ്രഹഘോഷയാത്രയ്ക്ക് ഉടവാള്‍ അകമ്പടി സേവിക്കും. കുഴിത്തുറയില്‍ വിശ്രമിച്ച് ഇന്ന് രാവിലെ 11 ന് സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എത്തുന്ന നവരാത്രി വിഗ്രഹങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് നല്‍കുന്നത്. ഇന്ന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് വിഗ്രഹങ്ങളുടെ താത്കാലിക വിശ്രമം. നാളെ രാവിലെ തിരുവനന്തപുരത്തേയ്ക്ക് വീണ്ടും യാത്ര തുടരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം