തങ്കവിഗ്രഹ കവര്‍ച്ച: അന്വേഷണം ഊര്‍ജിതമാക്കി

September 25, 2011 കേരളം

ബാലരാമപുരം: മാറനല്ലൂര്‍ മണ്ണടിക്കോണം മുത്താരമ്മന്‍ക്ഷേത്രത്തിലെ തങ്കവിഗ്രഹ കവര്‍ച്ച സംബന്ധിച്ച അന്വേഷണം അഞ്ചു പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കി. റൂറല്‍ എസ്പി എ.അക്ബര്‍, നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ് ഷാബി, കാട്ടാക്കട സിഐ സി.ശ്രീകുമാര്‍, മാറനല്ലൂര്‍ എസ്‌ഐകെ.ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന നാലു പ്രത്യേക സംഘങ്ങള്‍ക്ക് പുറമെ ടെമ്പിള്‍ സ്‌ക്വാഡുമാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഡോഗ് സ്‌ക്വാഡിലെ നായ സഞ്ചരിച്ച ഏഴു കിലോമീറ്ററോളം വരുന്ന മണ്ണടിക്കോണം, കളത്തുവിള, വണ്ടന്നൂര്‍ ഭാഗങ്ങളിലെ ഇരുപതോളം വീടുകളില്‍ പോലീസ് തെരച്ചില്‍ നടത്തി. ആള്‍ താമസമില്ലാത്ത ഏഴു വീടുകളും ഇതില്‍ ഉള്‍പ്പെടും. ക്ഷേത്രത്തില്‍ നിന്നും വിരലടയാള വിദഗ്ധര്‍ക്ക് നാല് വിരലടയാളങ്ങള്‍ ലഭിച്ചിട്ടുള്ളത് അന്വേഷത്തിന് പുതിയ ചുവടുവെയ്പാകുമെന്ന് വിലയിരുത്തുന്നു. ഇതിനിടെ പത്തോളം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇരുപത് കിലോ തങ്കത്തില്‍ പൊതിഞ്ഞ രണ്ടര അടി ഉയരമുള്ള ദേവീ വിഗ്രഹം മോഷണം പോയത്.രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ഓഫീസ് മുറി കുത്തിതുറന്ന് മേശക്കകത്തു നിന്നും ചുറ്റമ്പലത്തിന്റെ താക്കോല്‍ എടുത്ത് അമ്പലത്തിനുള്ളില്‍ കടന്ന കവര്‍ച്ചക്കാര്‍ ശ്രീകോവില്‍ കമ്പിപ്പാര കൊണ്ടു കുത്തിതുറന്നാണ് പട്ടില്‍ പൊതിഞ്ഞു വച്ചിരുന്ന വിഗ്രഹം എടുത്തത്. ശ്രീകോവിലിനുള്ളിലുണ്ടായിരുന്ന ശീവേലി വിഗ്രഹമോ വിലപിടിപ്പുള്ള പൂജാസാമഗ്രികളോ നഷ്ടമായിട്ടില്ല. കൃത്യത്തിന് ഉപയോഗിച്ചിരുന്ന രണ്ടു കമ്പിപ്പാരകള്‍ ഓഫീസ് മുറിക്ക് സമീപം നിന്നും ലഭിച്ചിരുന്നു.പുരാതനമായ ക്ഷേത്രം പുനരുദ്ധാരണം നടത്തിയതോടനുബന്ധിച്ച് 2010 മാര്‍ച്ച് രണ്ടിന് ഭക്തജനങ്ങള്‍ നല്‍കിയ സ്വര്‍ണ്ണം കൊണ്ടാണ് വിഗ്രഹം നിര്‍മിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം