സ്‌കൂള്‍വാന്‍ അപകടം: മരണം നാലായി

September 27, 2011 കേരളം

തിരുവനന്തപുരം: കണിയാപുരം ചാന്നാങ്കരയില്‍ സ്‌കൂള്‍ വാന്‍ ആറ്റിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം നാലായി. ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം എസ്.എ.ടി ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കൃഷ്ണപ്രിയ (10) ചൊവ്വാഴ്ച രാവിലെ മരിച്ചു. പുതുക്കുറുച്ചി ശാന്തിപുരം ട്രീസ കോട്ടേജില്‍ സന്തോഷിന്റെ മകള്‍ കനിക സന്തോഷ് (അഞ്ച്), കഠിനം കുളം വീണഭവനില്‍ പരേതനായ മനോജ്കുമാറിന്റെയും വീണയുടെയും മകന്‍ അശ്വിന്‍ ( ഒമ്പത്), പുതുക്കുറുച്ചി കാര്‍ത്തികയില്‍ സുരേഷ് കുമാറിന്റെ മകന്‍ ആരോമല്‍ എസ്.നായര്‍ (ഒമ്പത്) എന്നിവര്‍ അപകട സ്ഥലത്തുതന്നെ മരിച്ചിരുന്നു.

പരിക്കേറ്റ 17 വിദ്യാര്‍ഥികളെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് വിദ്യാര്‍ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുമ്പ സെന്റ് ആന്‍ഡ്രൂസ് ജ്യോതിനിലയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലിന് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ വാന്‍ പാര്‍വതി പുത്തനാറ്റിലേക്ക് മറിയുകയായിരുന്നു. ചാന്നാങ്കര പാലത്തിനു തെക്ക് ആറ്റിന് സമാന്തരമായുള്ള റോഡില്‍ നിന്നാണ് വാന്‍ ആറ്റിലേക്ക് മറിഞ്ഞത്.

കനിക ജ്യോതിനിലയം സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. മറ്റു രണ്ട്‌പേരും നാലാം ക്ലാസ് വിദ്യാര്‍ഥികളും. ജ്യോതി നിലയം സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ബിഷപ്പ് പെരേര മെമ്മോറിയല്‍ യു.പി. സ്‌കൂളിന്റേതാണ് വാന്‍. ആറ്റില്‍ കിടന്ന വള്ളത്തിന് മുകളിലേക്ക് വാന്‍ വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവറെയും ക്ലീനറെയും കൂടാതെ 23 വിദ്യാര്‍ഥികളാണ് വാനില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ രാത്രി ഏഴരവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. കൊച്ചിയില്‍ നിന്ന് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. കുട്ടികളെ കാണാനില്ലെന്ന പരാതി ഇല്ലാത്തതിനാല്‍ രാത്രി വൈകി തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. ഈ വര്‍ഷം ഫിബ്രവരി 17ന് നഴ്‌സറി കുട്ടികളുമായി പോയ വാന്‍ മറിഞ്ഞ് ആറ് കുട്ടികളും ആയയും മരിച്ച പാര്‍വതിപുത്തനാര്‍ തന്നെയാണ് തിങ്കളാഴ്ച വീണ്ടും മരണക്കെണിയൊരുക്കിയത്.

അതേസമയം, അപകടത്തില്‍പ്പെട്ട വാന്‍ ഓടിച്ചത് ക്ലീനറായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ല. ക്ലീനര്‍ വെട്ടുതുറ ടെറിന്‍ കോട്ടേജില്‍ ഷിബിനെ(19) ഒന്നാം പ്രതിയാക്കി   പൊലീസ് കേസെടുത്തു. ഡ്രൈവര്‍ കഠിനംകുളം വെട്ടുതുറ മഡോണ കോട്ടേജില്‍ ജഫേഴ്‌സനെ (30) രണ്ടാം പ്രതിയായും കുട്ടികളെ കൊണ്ടു പോകുന്നതില്‍ അനാസ്ഥ കാട്ടിയെന്നു കാട്ടി തുമ്പ സെന്റ് ആന്‍ഡ്രൂസ് ജ്യോതിനിലയം സ്‌കൂള്‍ അധികൃതരെ മൂന്നാംപ്രതിയായും   കേസെടുത്തു.   കുറ്റകരമായ നരഹത്യയ്ക്കാണ് കേസ്.

അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.   പോസ്റ്റുമോര്‍ട്ടം ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ബന്ധുക്കളുമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തുകയായിരുന്നു. രാവിലെ ഒന്‍പത് മണിയോടെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങിയ ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിലെ അലംഭാവമാണ് നാലു കുരുന്നുകളുടെ കൂടി ജീവനെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം