പ്രതീകങ്ങള്‍

September 27, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

ഗജം

ആഗമനത്തിന്റേയും പ്രപഞ്ചോല്‍പ്പത്തിയുടേയും പ്രതീകമായിട്ടാണ് ‘ഗജം’ അഥവാ ആന കണക്കാക്കപ്പെടുന്നത്. ‘ഗജം’ എന്നത് സംസ്‌കൃത നാമമാണ്. മഹാശക്തിയാണ് ഈ മൃഗത്തില്‍നിന്നും ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെയാണ് ആദിപൂജക്കര്‍ഹനായി കണക്കാക്കുന്ന ഗണപതി ഭഗവാന്റെ മുഖം ആനയുടെ രൂപത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്നതും. രാജകീയവും പ്രൗഢി വിളിച്ചോതുന്നതുമായ ആന പുരാണേതിഹാസങ്ങളില്‍ ലോപമില്ലാതെ വര്‍ണ്ണിക്കപ്പെട്ടിട്ടുള്ള ഒരു മൃഗമാണ്.

തിലകം

സംരക്ഷണത്തിന്റെ പ്രതീകമായാണ് തിലകം ചാര്‍ത്തുന്നത്. പൊട്ടു തൊടുകയെന്നും ചാര്‍ത്തുന്നത്. പൊട്ടു തൊടുകയെന്നും ഇതിനെ വിളിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിലകം ചാര്‍ത്താറുണ്ടെങ്കിലും സാധാരണയായി നെറ്റിയില്‍ ചാര്‍ത്തുന്നതിനെയാണ് തിലകം എന്നു വിശേഷിപ്പിച്ചുവരുന്നത്. ഭസ്മം, കുങ്കുമം, ചന്ദനം, കളഭം, ഗോപീചന്ദനമെന്ന വൃന്ദാവനത്തിലെ മണ്ണ് എന്നിവ തിലകം തൊടാന്‍ ഉപയോഗിച്ചുവരുന്നുണ്ട്. സൗന്ദര്യവര്‍ദ്ധനയ്ക്കും പൊട്ടു തൊടാറുണ്ടെങ്കിലും അതും ഒരര്‍ത്ഥത്തില്‍ സംരക്ഷണം തന്നെ ലഭ്യമാക്കുന്നത്. അതാത് ഇഷ്ടദേവതകളുടെ ചിഹ്നം ധരിച്ചായിരിക്കണം ഉപാസന നിറവേറ്റാനെന്ന് വിധിയുണ്ട്. ഇതിനെ തിലകവിധിയെന്നാണ് പറയപ്പെടുന്നത്. പ്രതിജ്ഞ, സത്യം, സ്‌നാനശുദ്ധി, മന്ത്രജപം, യാഗം, ഹോമം; തീര്‍ത്ഥയാത്ര, സന്ധ്യാകര്‍മ്മം, ദേവദര്‍ശനം, പൂജ ഇവ തിലകം ധരിക്കാതെ ചെയ്യുന്നതിനെ തിലകവിധി വിലക്കിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ക്കാകട്ടെ വിപത്ത്, രോഗം, അപമൃത്യു ഇവ നേരിടേണ്ടിവരുമെന്നാണ് വിശ്വാസം. നെറ്റിയില്‍ കൂടാതെ കഴുത്തിലും ഹൃദയത്തിലും നാഭിയിലും പിന്നിലും ഇടതുവശത്തും വലതുവശത്തും ഇടതുചെവിയിലും വലതുചെവിയിലും മസ്തകത്തിലും പിന്‍കഴുത്തിലും തിലകം ധരിക്കാറുണ്ട്. ഓരോ വിരല്‍കൊണ്ട് തിലകം ധരിക്കുമ്പോഴും അതിന്റെ ഫലവും പറയുന്നുണ്ട്. മോതിരവിരല്‍ ശാന്തിയും നടുവിരല്‍ ആയുര്‍വര്‍ദ്ധനയും പ്രദാനം ചെയ്യുമ്പോള്‍ തള്ളവിരലാകട്ടെ സൃഷ്ടിയും ചൂണ്ടുവിരല്‍ മോക്ഷകാരണവുമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ചെറുവിരലും നഖവും ഉപയോഗിക്കുന്നത് നിഷിദ്ധമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം