പാദപൂജ – നിസ്സീമമായ ആചാര്യപ്രജ്ഞ

September 28, 2011 ഗുരുവാരം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി
പാതഞ്ജല യോഗ സൂത്രത്തില്‍ സമാധിപാദം 25-ാം സൂത്രമായി കൊടുത്തിരിക്കുന്ന ”വിതര്‍ക്കവിചാരനന്ദാസ്മിതാ രൂപാനുഗമാത് സപ്രജ്ഞാതഃ”- ‘വിതര്‍ക്കം, വിചാരം, ആനന്ദം, അസ്മിതം ഇവയാല്‍ അനുഗമമായിട്ട് സപ്രജ്ഞാത സമാധിയുണ്ടാകുന്നു’.- എന്ന സൂത്രവാക്യത്തിന്റെ ആധികാരിക വ്യക്തിത്വം ബാഹ്യവിദ്യാഭ്യാസങ്ങള്‍ക്ക് കാണാന്‍ ആകാത്ത സ്വാമിജിയുടെ വ്യക്തിത്വത്തിലൂടെ എങ്ങനെ പ്രകാശിതമായെന്ന് ചിന്തിക്കാന്‍ ഇപ്പോഴാണ് കഴിയുക.  മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ ഗുരുനാഥന്റെ പ്രജ്ഞയില്‍ എത്രകണ്ട് വ്യക്തമായിരുന്നെന്ന് മനസിലാക്കണം.  തന്നെയുമല്ല യോഗശാസ്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന സംജ്ഞകളും സാങ്കേതികത്വവും വെറും സങ്കല്പമല്ലെന്ന് അറിയുകയും വേണം.  മഹാഗ്രന്ഥങ്ങളെ പ്രജ്ഞാശരീരങ്ങളായിതന്നെ കണ്ട് ആദരിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് വിസ്മരിക്കാവുന്നതല്ല.  ഗ്രന്ഥത്തെ ആക്ഷേപിക്കുന്നതുകൊണ്ട് ഗ്രന്ഥത്തിനോ ഗ്രന്ഥശരീരമായ ഗുരുത്വത്തിനോ യാതൊരു അപകടവും സംഭവിക്കുന്നില്ല.  അപകടങ്ങള്‍ അവിവേകികളും അഭിമാനികളുമായവര്‍ക്കു മാത്രം.
മറ്റെരു ഉദാഹരണം കൂടി ശ്രദ്ധയില്‍പ്പെടുത്താം.  സ്വാമിജിയുടെ യോഗവൈഭവം പ്രപഞ്ചസീമയ്ക്കുമപ്പുറത്തേക്കുവളര്‍ന്നുചെന്നിരുന്നവെന്നുള്ളത് അനുഭവങ്ങളിലൂടെ വ്യക്തമാകുന്നതാണ്.  പൂജയ്കകുവേണ്ടി ശ്രീകോവിലില്‍ പ്രവേശിച്ച് സിദ്ധാസനത്തിലിരുന്ന എനിക്കുണ്ടായ അനുഭവം പൂര്‍ണ്ണമായി വിവരിക്കാന്‍ അസാധ്യമാണ്.  കാരണെമന്തെന്ന് വിവരിക്കുമ്പോള്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ.  വിഗ്രഹത്തിനുമുന്നില്‍ ധ്യാനമഗ്നനായി പുഷ്പാര്‍ച്ചന നടത്തിയ അനുഭവം കുറേ സമയത്തേക്ക് എന്റെ ഓര്‍മയിലുണ്ട്.  ശരീരബോധം നശിച്ച് ഏതോ ഒരു അജ്ഞാത ഭൂമിയിലേക്ക് ഉയര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന അനുഭൂതിയാണ് ആദ്യമുണ്ടായത്.  അത് കഴിഞ്ഞ് എന്ത് സംഭവിച്ചെന്ന് അറിയാന്‍ കഴിയാത്തവണ്ണം ഒരു നിശ്ചേഷ്ടാവസ്ഥയില്‍ എത്തിച്ചേര്‍ന്നു.  എത്രസമയം കഴിഞ്ഞെന്നുള്ള ബോധം  എനിക്ക് നശിച്ചിരുന്നു.  പെട്ടെന്ന് സ്വാമിജി ശ്രീകോവിലിനുമുന്നില്‍ പ്രത്യക്ഷനായി.  പകുതി അടച്ചിരുന്ന വാതില്‍ അതിശക്തിയായി തള്ളിത്തുറന്നു.  ഒരു വലിയ ശബ്ദത്തോടെ ആ വാതില്‍ എന്റെ കാല്‍മുട്ടില്‍ വന്നിടിച്ചു.  ശബ്ദം കേട്ട് ആശ്രമ വളപ്പിലുള്ളവര്‍ ശ്രീകോവിലിനുമുന്നില്‍ ഓടിയെത്തി.  സംഭവമെന്തെന്ന് എനിക്കും മനസ്സിലായില്ല.  ഒരാള്‍ കാലില്‍ തട്ടി വിളിക്കുന്നതുപോലെ മാത്രമേ ഈ വലിയ ആഘാതം അനുഭവപ്പെട്ടുള്ളൂ.  തട്ടിവിളിക്കുന്ന അനുഭവം ഉണ്ടാക്കുന്നതിന് ആവശ്യമായ ആഘാതം എത്ര സൂഷ്മമായി അറിഞ്ഞുവെന്നത് ചിന്തിക്കേണ്ടതാണ്.
എനിക്ക് സംഭവിച്ചതെന്തെന്ന് ജ്ഞാനദൃഷ്ടിയിലൂടെ കണ്ട ഗുരുനാഥന്‍ പെട്ടെന്ന് ശ്രീകോവിലില്‍ പ്രത്യക്ഷപ്പെടുകയാണുണ്ടായത്.  സ്വാമിജി അടുത്തെത്തിയെന്ന ബോധത്താലല്‍ ഞാന്‍ അല്പം പരിഭ്രാന്തനായി.  പൂജ കഴിഞ്ഞുവോ? ഏതുവരെയെത്തി? സഹസ്രനാമം പൂര്‍ത്തിയായോ? എന്നുള്ള ചിന്തകള്‍ ഒന്നിനുപുറകേ ഒന്നായി വന്നുചേര്‍ന്നു.  ഇതെല്ലാം മഹാഗുരുവിന്റെ സങ്കല്പത്തില്‍ സ്ഥൂലവസ്തുക്കളെ കാണുന്നതുപോലെ സ്പഷ്ടമായിരുന്നുവെന്ന് വ്യക്തമാണ്.  ചാടി എണീക്കാന്‍ ശ്രമിച്ച എനിക്ക് എന്ത് അപകടമുണ്ടാകുമെന്നും ഗുരുനാഥന്‍ ധരിച്ചിരുന്നു.  എന്റെ ശാരീരികവും മാനസികവുമായ വൃത്തികളെ നിയന്ത്രിക്കത്തക്ക രീതിയില്‍ അജ്ഞാത സ്വരത്തില്‍ സാവധാനത്തില്‍ ‘എണീക്കൂ…’ എന്നുള്ള ശബ്ദം ഞാന്‍ കേട്ടു.  അകലെയായാലും അടുത്തായാലും ഗുരുക്കന്മാരുടെ പ്രജ്ഞാശക്തിക്ക് സ്ഥലകാല ഭേദങ്ങളില്ലെന്ന് നാം ഓര്‍മ്മിക്കേണ്ടതാണ്.  ചെയ്യുന്നത് നന്മയാകട്ടെ തിന്മയാകട്ടെ രണ്ടും ആ മഹാപ്രഭുക്കന്മാരുടെ ജ്ഞാന ദീപത്തിനുമുന്നില്‍ ദൃശ്യമാണ്. സാന്നിദ്ധ്യം കൊണ്ടും വാക്കുകൊണ്ടും ഗുരുനാഥനെ അറിയിക്കാതെ എന്തെങ്കിലും ചെയ്യാമെന്ന് കരുതുന്നത് കേവലം മൗഢ്യം മാത്രമാണ്.  ഭൂതമെന്നും ഭാവിയെന്നും ചിന്തിക്കുന്നത് അവിവേകികളുടെ കാലപരിഗണന മാത്രമാണ്.  ആത്മസൂര്യനുദിച്ചാല്‍ അതിനസ്തമനമില്ല ” സദാ ഭാസതി ഭാസതി” എന്ന് ഉപനിഷത്ത് ഉദ്‌ഘോഷിക്കുന്ന ആ അസ്തമിക്കാത്ത മഹാസൂര്യന്‍ മഹാഗുരുവിന്റെ ജ്ഞാനസൂര്യനാണെന്ന് സംശയിക്കേണ്ട കാര്യമില്ല.  ആ പ്രകാശത്തിനുമുന്നില്‍ മറവിന്റെ തിരശ്ശീലകളോ മഹാ മതിലുകളോ നിഷ്പ്രഭങ്ങളാണ്.  ഒരു അണുജീവിയുടെ ശരീരഘടനയില്‍ അടങ്ങിയിട്ടുള്ള ഭൂതമാത്രകളുടെ അളവും പ്രകൃതിയില്‍ ആകമാനമുള്ള സൃഷ്ടിജാത സംഘാതവും ആ മഹാ തേജസ്സിനുമുന്നില്‍ സദാപിസ്പഷ്ടമാണ്.  നഗ്നനേത്രങ്ങള്‍ കൊണ്ട്സ്ഥൂല വസ്തുക്കളുടെ ബാഹ്യപ്രകൃതി കാണുന്നതുപോലെ പ്രപഞ്ചത്തിലെ സൂക്ഷ്മ സങ്കല്പങ്ങളെല്ലാം തന്നെ ആ തേജസ്സിനുമുന്നില്‍ സുവ്യക്തമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം